വിദ്യാർത്ഥികൾ ശ്രദ്ധിക്കുക: നിർണ്ണായക നീക്കങ്ങളുമായി വിദ്യാഭ്യാസ ബോർഡ്
തിരുവനന്തപുരം: കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ പ്ലസ്ടു പ്രാക്ടിക്കല്‍ പരീക്ഷകൾ ജൂണ്‍ 22മുതല്‍ ആരംഭിക്കും. നിലവിലേത് പോലെയുള്ള കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ പരീക്ഷ നടത്താമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. ഒരേ ഉപകരണങ്ങള്‍ പല വിദ്യാര്‍ഥികള്‍ ഉപയോഗിക്കേണ്ടി വരുന്നത് കോവിഡ് പകരാന്‍ ഇടയാക്കുമെന്ന ആശങ്ക ഉയര്‍ന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു പരീക്ഷകൾ നടത്തണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ വിദ്യാഭ്യാസവകുപ്പ് ഇത്രയും കാലതാമസം എടുത്തത്.
കര്‍ശന സുരക്ഷാ സംവിധാനങ്ങളോടെ പരീക്ഷ നടത്താനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. വിദ്യാര്‍ത്ഥികള്‍ ഇരട്ട മാസ്ക്, ഗ്ലൗസ് സാനിറ്റൈസര്‍ എന്നിവ ഉപയോഗിക്കേണ്ടതും, സാമൂഹിക അകലം പാലിക്കേണ്ടതുമാണ്.
വിദ്യാര്‍ത്ഥികള്‍ ലാബില്‍ പ്രവേശിക്കുന്നതിന് മുന്‍പും ലാബില്‍ നിന്ന് പുറത്തേയ്ക്ക് പോകുമ്പോഴും സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ ശുചിയാക്കേണ്ടതാണ്. പ്രായോഗിക പരീക്ഷയ്ക്ക് ഹാജരാകുന്ന വിദ്യാര്‍ത്ഥികള്‍ ഒരു കാരണവശാലും കൂട്ടം കൂടാന്‍ പാടില്ല. ശരീരോഷ്മാവ് കൂടുതലായി കാണുന്ന വിദ്യാര്‍ത്ഥികളെ മറ്റ് കുട്ടികളുമായി ഇടകലര്‍ത്താതെ പ്രത്യേകമായി പരീക്ഷ നടത്തുന്നതാണ്. കോവിഡ് പോസിറ്റീവായ വിദ്യാര്‍ത്ഥികള്‍ക്ക് അവര്‍ നെഗറ്റീവ് ആകുന്ന മുറയ്ക്ക് പ്രത്യേകം പരീക്ഷാ കേന്ദ്രത്തില്‍ പ്രായോഗിക പരീക്ഷയ്ക്ക് പങ്കെടുക്കാവുന്നതാണ്.
ലാബുകളില്‍ ഒരു കുട്ടി ഉപയോഗിച്ച ഉപകരണങ്ങള്‍ മറ്റു കുട്ടികള്‍ കൈമാറി ഉപയോഗിക്കാന്‍ പാടുള്ളതല്ല. ലാബുകളില്‍ എ.സി. ഉപയോഗിക്കുന്നതല്ല. വായു സഞ്ചാരം ഉറപ്പാക്കുന്നതിനായി ലാബുകളുടെ എല്ലാ ജനലുകളും വാതിലുകളും തുറന്നിടുന്നതാണ്. ഒരു സമയത്ത് കുടുതല്‍ വിദ്യാര്‍ത്ഥികള്‍ സ്കൂളില്‍ വരുന്ന സാഹചര്യം ഒഴിവാക്കുന്നതിനും നിര്‍ദേശമുണ്ട്.