Saturday, October 19, 2024
National

രാജ്യത്ത് 24 മണിക്കൂറിനിടെ 3921 മരണം; 70,421 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

 

ന്യൂഡൽഹി : രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ കുറവ്. 24 മണിക്കൂറിനിടെ 70,421 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 2,95,10,410 ആയി. രോഗമുക്തി നിരക്കിലും വൻ വർധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,19,501 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. 2,81,62,947 പേർ ഇതുവരെ രോഗമുക്തി നേടി.

കോവിഡ് രണ്ടാം തരംഗത്തിന്റെ തീവ്രത കുറഞ്ഞുവരുന്ന സാഹചര്യത്തിൽ നിരവധി സംസ്ഥാനങ്ങൾ നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ്. കോവിഡ് ഗുരുതരമായി ബാധിച്ച സംസ്ഥാനങ്ങളില്‍ മഹാരാഷ്ട്രയാണ് മുന്നില്‍. ഇതുവരെ 5,805,565 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ചത്. കര്‍ണാടക (26,35,122), കേരളം (2,584,853), തമിഴ്നാട് (2,172,751), ആന്ധ്രപ്രദേശ് (1,738,990) എന്നിങ്ങനെയാണ് പട്ടികയില്‍ മുന്നിലുള്ള സംസ്ഥാനങ്ങളിലെ കോവിഡ് ബാധിതരുടെ കണക്കുകള്‍.

9,73,158 പേരാണ് രാജ്യത്ത് വിവിധയിടങ്ങളിലായി ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ ദിവസം കൊറോണയെ തുടർന്ന് 3921 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കൊറോണ മരണം 3,74,305 ആയി. രാജ്യത്ത് മൂന്നാം ഘട്ട വാക്സിനേഷൻ പുരോഗമിക്കുകയാണ്. ഇതുവരെ 25,48,49,301 പേർ വാക്സിനേഷന്റെ ഭാഗമായിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

Leave a Reply

Your email address will not be published.