കൊവിഡ് വ്യാപനം: തെലങ്കാനയിലും നാളെ മുതൽ ലോക്ക് ഡൗൺ
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ദക്ഷിണേന്ത്യയിലെ കൂടുതൽ സംസ്ഥാനങ്ങൾ ലോക്ക് ഡൗണിലേയ്ക്ക്. കേരളം, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങൾക്ക് പിന്നാലെ തെലങ്കാനയും ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. നാളെ മുതൽ 10 ദിവസത്തേയ്ക്കാണ് ലോക്ക് ഡൗൺ നടപ്പാക്കുക.
നാളെ രാവിലെ 10 മണി മുതലാണ് ലോക്ക് ഡൗൺ പ്രാബല്യത്തിൽ വരിക. ലോക്ക് ഡൗൺ പ്രാബല്യത്തിൽ വന്നുകഴിഞ്ഞാൽ ജനങ്ങൾക്ക് ദിവസേന രാവിലെ 6 മണി മുതൽ 10 മണി വരെ മാത്രമേ പുറത്തിറങ്ങാൻ അനുവാദമുണ്ടാകുകയുള്ളൂ. 10 മണിയ്ക്ക് ശേഷം ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കുമെന്ന് തെലങ്കാന സർക്കാർ അറിയിച്ചിട്ടുണ്ട്.