Thursday, January 23, 2025
Kerala

ആളുകൾ പുറത്തിറങ്ങുന്നതും കൂട്ടം കൂടുന്നതും ഒഴിവാക്കണം; വലിയ തോതിലുള്ള വ്യാപനത്തിന്റെ ഘട്ടമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് വലിയ തോതിലുള്ള വ്യാപനത്തിന്റെ ഘട്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൂടുതൽ നിയന്ത്രണങ്ങൾ ശക്തമാക്കുകയാണ് ഇപ്പോൾ ചെയ്യാവുന്ന ഉചിതമായ കാര്യമെന്നും അദ്ദേഹം പറഞ്ഞു. വാർത്താ സമ്മേളനത്തിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുറത്തിറങ്ങുന്നതും കൂട്ടംകൂടുന്നതും ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു.

സംസ്ഥാനത്ത് ഓക്‌സിജൻ ആവശ്യത്തിന് ലഭ്യമാക്കും. ഓക്‌സിജൻ നീക്കം സുഗമമാക്കാൻ എല്ലാ തലത്തിലും ഇടപെടും. കാസർകോട് ജില്ലയിൽ കർണാടകത്തിൽ നിന്നാണ് ഓക്‌സിജൻ ലഭിക്കാറുള്ളത്. അവിടെ തടസമുണ്ട്. കർണാടക ചീഫ് സെക്രട്ടറിയുമായി സംസ്ഥാന ചീഫ് സെക്രട്ടറി സംസാരിക്കും. ഓക്‌സിജൻ പോലുള്ള ഒന്നിന്റെ കാര്യത്തിൽ സാധാരണ ലഭ്യമാകുന്നത് തടസപ്പെടുന്നത് ശരിയല്ല. പാലക്കാട് നിന്ന് ഓക്‌സിജൻ കർണാടകത്തിലേക്ക് അയക്കുന്നുണ്ട്. അത് തടസപ്പെടുത്തിയിട്ടില്ല. അതെല്ലാം കർണാടകത്തിന്റെ ശ്രദ്ധയിൽപെടുത്തുമെന്ന് അദ്ദേഹം അറിയിച്ചു.

കാസർകോട് ഉൾപ്പെടെ ഓക്‌സിജൻ ലഭ്യമാക്കാൻ നടപടി സ്വീകരിക്കുന്നുണ്ട്. ഓക്‌സിജൻ പ്രശ്‌നം പ്രത്യേകമായി ഇന്ന് ചർച്ച ചെയ്തു. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് ചില ജില്ലകളിൽ ചില തദ്ദേശ സ്ഥാപന അതിർത്തിക്കുള്ളിലും വലിയ തോതിൽ വർധിച്ചു. ഇത് കുറച്ച് കൊണ്ടുവരാൻ സാധ്യമായതെല്ലാം ചെയ്യും. രോഗവ്യാപന ഘട്ടത്തിൽ പല കാര്യത്തിലും സഹായത്തിന് വോളണ്ടിയർമാർ വേണം. പൊലീസ് 2000 വോളണ്ടിയർമാരെ അവർക്കൊപ്പം ഉപയോഗിക്കും. ആവശ്യമായത്ര വോളണ്ടിയർമാരെ കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *