വാക്സിൻ വില കുറയ്ക്കാൻ സെറം ഇൻസ്റ്റിറ്റ്യൂട്ടിനും ഭാരത് ബയോടെക്കിനും കേന്ദ്രത്തിന്റെ നിർദേശം
കൊവിഡ് പ്രതിരോധ വാക്സിനുകളായ കൊവിഷീൽഡിന്റെയും കൊവാക്സിന്റെയും വില കുറയ്ക്കണമെന്ന് മരുന്ന് നിർമാണ കമ്പനികളായ സെറം ഇൻസ്റ്റിറ്റ്യൂട്ടിനോടും ഭാരത് ബയോ ടെക്കിനോടും കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു. മെയ് 1 മുതൽ 18 വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും വാക്സിൻ നൽകാൻ തീരുമാനിച്ച സാഹചര്യത്തിലാണ് ആവശ്യമുന്നയിച്ചത്
അന്താരാഷ്ട്ര വിലയേക്കാൾ കൂടുതൽ വിലയ്ക്കാണ് സംസ്ഥാനങ്ങൾക്ക് ഇവർ വാക്സിൻ നൽകുന്നത്. ഇതിനായുള്ള സ്വാതന്ത്ര്യം മോദി സർക്കാർ മരുന്ന് കമ്പനികൾക്ക് നൽകുകയും ചെയ്തിരുന്നു. ജനങ്ങളെ തലയ്ക്കടിക്കുന്ന പരിപാടിക്കെതിരെ രൂക്ഷ വിമർശനമുയർന്ന സാഹചര്യത്തിലാണ് മോദി സർക്കാർ വീണ്ടുവിചാരത്തിന് തയ്യാറായത്
ഒരേ വാക്സിന് മൂന്ന് വില എന്ന നയം അന്താരാഷ്ട്രതലത്തിൽ തന്നെ പരിഹസിക്കപ്പെട്ടിരുന്നു. തുടർന്നാണ് വില കുറയ്ക്കാൻ കേന്ദ്രം നിർദേശം നൽകിയിരിക്കുന്നത്. 18 മുതൽ 45 വയസ്സ് വരെയുള്ളവർക്ക് വാക്സിനേഷൻ സൗജന്യമായിരിക്കില്ല. രാജ്യത്ത് ഏറ്റവുമധികമുള്ളതും ഈ പ്രായത്തിനിടയിൽ ഉള്ളവരാണ്. ഇതാണ് കൊള്ളവിലക്ക് മോദി സർക്കാരിന്റെ പിന്തുണയോടെ മരുന്ന് കമ്പനികൾ തയ്യാറെടുത്തത്.