Thursday, January 23, 2025
Kerala

കോവിഡ് വ്യാപനം: പൊതുപരീക്ഷകൾ തുടരുന്ന കാര്യത്തിൽ ആലോചന വേണമെന്ന് രമേശ് ചെന്നിത്തല

 

തിരുവനന്തപുരം: ഇപ്പോഴത്തെ അവസ്ഥയില്‍ സംസ്ഥാനത്ത് പൊതു പരീക്ഷകള്‍ തുടരണോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ ആലോചന നടത്തമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തില്‍ കോവിഡ് പ്രതിദിന കേസുകൾ കൂടി വരുന്ന സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണം. സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വല്ലാതെ ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തില്‍ പൊതു പരീക്ഷകള്‍ ഇപ്പോള്‍ തന്നെ നടത്തണോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ പുനരാലോചന നടത്തണമെന്നാണ് രമേശ് ചെന്നിത്തല പത്രക്കുറിപ്പിൽ അറിയിച്ചിരിക്കുന്നത്.

സി.ബി.എസ്.സി, ഐ.സി.എസ്.സി ഉള്‍പ്പെടെ ദേശീയ തലത്തില്‍ പരീക്ഷകളെല്ലാം മാറ്റിവച്ചിരിക്കുകയാണ്. ദേശീയതലത്തിലെ മത്സര പരീക്ഷകളും മാറ്റി വച്ചിട്ടുണ്ട്. സംസ്ഥാനത്താകട്ടെ എസ്.എസ്.എല്‍.സി- പ്ലസ് ടു പരീക്ഷകള്‍ നടക്കുകയാണ്. വിവിധ സര്‍വ്വകലാശാലകളും പരീക്ഷകളുമായി മുന്നോട്ട് പോകുന്നു. കോവിഡിന്റെ രണ്ടാം തരംഗം അതിശക്തിയായി സംസ്ഥാനത്ത് പടരുന്ന സാഹചര്യത്തില്‍ രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും ഉത്കണ്ഠയിലാണ്. ഈ സാഹചര്യത്തില്‍ ഇപ്പോള്‍ തന്നെ പരീക്ഷകള്‍ നടത്തേണ്ടതുണ്ടോ എന്ന കാര്യം സര്‍ക്കാര്‍ ഗൗരവമായി ആലോചിക്കണമെന്നാണ് ആവശ്യം.

കേരളത്തിൽ കുറച്ച് ദിവസങ്ങളിലായി കോവിഡ് രോഗികളുടെ എണ്ണം ഉയർന്നു വരികയാണ്. കഴിഞ്ഞ ദിവസം മാത്രം 13,835 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് കോവിഡ് വ്യാപനമുണ്ടായ ശേഷം റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏറ്റവും ഉയർന്ന പ്രതിദിനകണക്കായിരുന്നു ഇത്. കേരളത്തിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.04 ആണ്. കഴിഞ്ഞ ദിവസം സ്ഥിരീകരിച്ച 27 മരണങ്ങള്‍ ഉൾപ്പെടെ ഇതുവരെ ആകെ 4904 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,18,542 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,08,003 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 10,539 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ പല ജില്ലകളിലും നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്. കോഴിക്കോട് ജില്ലയിൽ ഞായറാഴ്ചകളിൽ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പൊതുജനങ്ങള്‍ അത്യാവശ്യകാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്നും അഞ്ച് പേരില്‍ കൂടുതല്‍ ഒരുമിച്ചു കൂടരുതെന്നും ജില്ലാ കലക്ടര്‍ എ സാംബശിവ റാവു ഉത്തരവിട്ടു. ആവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ ഏഴ് മണിവരെ മാത്രമേ തുറക്കാന്‍ പാടുള്ളൂ. മറ്റ് സ്ഥാപനങ്ങളും ടൂറിസം കേന്ദ്രങ്ങളും അടച്ചിടണമെന്നും ഉത്തരവില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *