Friday, January 10, 2025
Health

കോവിഡിന് മുഖാവരണം ഏറ്റവും മികച്ച പരിഹാരം; വാക്സിൻ രോഗതീവ്രതയും മരണനിരക്കും കുറയ്ക്കുമെന്ന് വിദഗ്ധർ

കോവിഡ് വാക്സിൻ എടുക്കുന്നതുവഴി രോഗം ബാധിക്കില്ലെന്നത് തെറ്റിദ്ധാരണയാണെന്നും അതേസമയം, വാക്സിനെടുക്കുന്നത് രോഗതീവ്രതയും മരണസാധ്യതയും കുറയ്ക്കാൻ സഹായിക്കുമെന്നും വിദഗ്ധർ.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ വാക്സിൻ സ്വീകരിച്ചശേഷവും രോഗബാധയേറ്റവരുടെ വാർത്തകൾ കഴിഞ്ഞ രണ്ടുമാസങ്ങളായി റിപ്പോർട്ടുചെയ്ത പശ്ചാത്തലത്തിലാണ് വിദഗ്ധരുടെ വിശദീകരണം.
‘രണ്ടുഡോസും സ്വീകരിച്ചശേഷവും രോഗംബാധിച്ചവരുണ്ട്.

എന്നാൽ, അവരിൽ രോഗലക്ഷണങ്ങൾ കുറവാണ്. വാക്സിന് അണുബാധയുടെ തീവ്രതയും മരണനിരക്കും കുറയ്ക്കാൻ സാധിക്കും’ -അപ്പോളോ ആശുപത്രിയിലെ ശ്വാസകോശരോഗവിദഗ്ധനായ ഡോ. ബൻസാൽ പറഞ്ഞു. രണ്ടുഡോസും സ്വീകരിച്ചശേഷമാണ് ആന്റിബോഡികൾ സജീവമാകുന്നത്. അതിനാൽ ആദ്യത്തെ ഡോസിനുശേഷം ഒരാൾക്ക് അണുബാധയുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും ഡോക്ടർമാർ പറയുന്നു.

‘വാക്സിൻ സമ്പൂർണ സുരക്ഷാകവചമാണെന്ന് പറയാൻ കഴിയില്ല. മുഖാവരണമാണ് ഇപ്പോൾ ഏറ്റവും മികച്ച വാക്സിൻ. പ്രതിരോധ കുത്തിവയ്പ് നടത്തിയശേഷം സുരക്ഷിതരാണെന്നു കരുതി മുഖാവരണം ധരിക്കാതിരിക്കുന്നത് തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *