Thursday, April 17, 2025
Top News

കോവിഡ് രൂക്ഷം; വ്യാഴാഴ്ച മുതല്‍ കൂടുതല്‍ നിയന്ത്രണം: കേരളം വീണ്ടും ലോക്ഡൗണ്‍ ഭീഷണിയില്‍

കോവിഡ് വ്യാപനം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കേരളം കൂടുതല്‍ നിയന്ത്രണങ്ങളിലേയ്ക്ക്. കടുത്ത നടപടികള്‍ വേണ്ടിവരുമെന്ന് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. രാജ്യമൊട്ടാകെയുള്ള ജനതാ കര്‍ഫ്യൂവിനെ കുറിച്ച് ആലോചിക്കുന്നില്ലെന്നും സംസ്ഥാനങ്ങളില്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്താനുള്ള അധികാരം അതതു സര്‍ക്കാരുകള്‍ക്കുണ്ടെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.

കേരളത്തിലെ സ്ഥിതി ആശങ്കാജനമാണന്ന് തെരഞ്ഞെടുപ്പു പ്രചരണത്തിടയിലും മുഖ്യമന്ത്രി ഓര്‍മ്മിച്ചിരുന്നത് സ്ഥിതി കൂടുതല്‍ ഗൗരവതരമാണെന്നതിന്റെ സൂചനയാണ്. ലോക്ഡൗണിന്റെ കാര്യങ്ങള്‍ ഇപ്പോള്‍ തീരുമാനമായിട്ടില്ലെങ്കിലും കടുത്ത നിയന്ത്രണങ്ങള്‍ നടപ്പില്‍ വരുത്തും.

കോവിഡ് പടരുന്ന സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്താണ് തെരഞ്ഞെടുപ്പിലെ കൊട്ടിക്കലാശം ഒഴിവാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയത്. പക്ഷേ പലയിടത്തും ഇതു ലംഘിക്കപ്പെട്ടു. തിരഞ്ഞെടുപ്പ് പ്രചാരണ കാലയളവില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ദേശീയ നേതാക്കള്‍ വന്ന പരിപാടിക്കു പോലും ഇതൊന്നും പാലിക്കപ്പെട്ടിരുന്നില്ല.

സംസ്ഥാനത്ത് കോവിഡ് വ്യാപന നിരക്ക് ഉയരുന്ന പശ്ചാത്തലത്തില്‍ മാസ്‌ക്ക് വയ്ക്കാതെ പ്രചരണത്തിനിറങ്ങുന്ന നേതാക്കള്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന ആരോഗ്യവകുപ്പിന്റെ ആവശ്യം പക്ഷേ, പോലീസ് തള്ളിയിരുന്നു. ഇതിനെ തുടര്‍ന്ന് കോവിഡ് നിയന്ത്രണം പാളിയെന്നും ആവശ്യത്തിന് ചികിത്സയൊരുക്കാനുള്ള സൗകര്യമില്ലെന്നും കാട്ടി ആരോഗ്യവകുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു.

നിലവില്‍ ചികിത്സാ സംവിധാനങ്ങള്‍ എല്ലാം പാളം തെറ്റി കിടക്കുകയാണ്. കോവിഡ് ചികിത്സയ്ക്കായി അനുവദിച്ച സൗകര്യങ്ങള്‍ വെട്ടി കുറച്ചിരുന്നു. ജനറല്‍ ആശുപത്രിയിലെ ബെഡുകള്‍ 275-ല്‍ നിന്ന് 100 ആക്കി കുറച്ചത് ഒരു ഉദാഹരണം മാത്രമാണ്. സംസ്ഥാനത്ത് ബാക്കി ആശുപത്രികളുടെയും സ്ഥിതി ഇതാണ്.

തെരഞ്ഞെടുപ്പിനു ശേഷം കോവിഡ് വ്യാപനം നിയന്ത്രണവിധേയമായില്ലെങ്കില്‍ തീയേറ്ററുകളും, മാളുകളുമൊക്കെ മുന്‍ കരുതല്‍ എന്ന നിലയില്‍ അടച്ചിടേണ്ടിവരും. സിനിമ, സീരിയില്‍ ഷൂട്ടിംഗുകളും ഇപ്പോള്‍ സജീവമായി നടക്കുന്നുണ്ട്. ഇതും നിര്‍ത്തിവയ്‌ക്കേണ്ടിവരുമെന്ന സാഹചര്യവും പരിഗണിക്കുന്നുണ്ട്. തീയേറ്ററുകളില്‍ സെക്കന്‍ഡ് ഷോ ഉള്‍പ്പടെ തുടങ്ങിയിട്ട് അധികമായില്ല. നിരവധി ചിത്രങ്ങളാണ് റിലീസിംഗിനായി കാത്തിരിക്കുന്നത്.

മുന്‍പു കോവിഡ് വ്യാപനം ഉണ്ടായിരുന്ന സമയത്ത് മാളുകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും ആളുകള്‍ പ്രവേശിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇതൊന്നും ഇപ്പോള്‍ പ്രാവര്‍ത്തികമാക്കുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *