Thursday, January 23, 2025
Kerala

മുല്ലപെരിയാർ പാട്ടക്കരാര്‍ റദ്ദാക്കണം സുപ്രീം കോടതി തമിഴ്‌നാടിന് നോട്ടീസ് അയച്ചു

ഡല്‍ഹി: മുല്ലപ്പെരിയാര്‍ അണകെട്ട് സംബന്ധിച്ച 1886 ലെ പാട്ടക്കരാര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചു. ഭരണഘടന ബെഞ്ചിന്റെ നിര്‍ദേശങ്ങള്‍ തമിഴ്‌നാട് സര്‍ക്കാര്‍ ലംഘിച്ചാല്‍ പാട്ട കരാര്‍ റദ്ദാക്കാന്‍ കേരളത്തിന് അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജിയിലാണ് നോട്ടീസ്. ഹര്‍ജിയില്‍ ഏപ്രില്‍ 22 ന് സുപ്രീം കോടതി വിശദമായ വാദം കേള്‍ക്കും.1886 ഒക്ടോബര്‍ 29 ലെ പാട്ട കരാര്‍ റദ്ദാക്കാന്‍ കേരള സര്‍ക്കാരിനോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് സുരക്ഷ പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന സംഘടനയാണ് സുപ്രീം കോടതിയെ സമീപിച്ചത്. 2014 ലെ സുപ്രീം കോടതി ഭരണഘടന ബെഞ്ചിന്റെ ഉത്തരവിലെ പല നിര്‍ദേശങ്ങളും തമിഴ്‌നാട് സര്‍ക്കാര്‍ പാലിച്ചിട്ടില്ലെന്നും, അതിനാല്‍ പാട്ടകരാര്‍ റദ്ദാക്കാന്‍ കേരളത്തോട് നിര്‍ദേശിക്കണമെന്നും ട്രസ്റ്റിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വില്‍സ് മാത്യു വാദിച്ചു.

മുല്ലപ്പെരിയാറില്‍ കേരളവും തമിഴ്‌നാടും തമ്മിലുള്ളത് സ്വകാര്യ പാട്ട കരാറാണെന്നും അതിനാല്‍ വ്യവസ്ഥകളില്‍ ലംഘനമുണ്ടായാല്‍ കരാര്‍ റദ്ദാക്കാന്‍ കേരളത്തിന് അവകാശമുണ്ടെന്നും അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. ജിയോളോജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ സംരക്ഷണ ഭിത്തി നിര്‍മ്മിക്കാന്‍ കേരള സര്‍ക്കാരിനും സംസ്ഥാന ജല വിഭവ സെക്രട്ടറിക്കും നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിക്ക് എതിരായ ഹര്‍ജിക്കൊപ്പം പാട്ടകരാര്‍ റദ്ദാക്കണമെന്ന ഹര്‍ജിയും പരിഗണിക്കാമെന്നും ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *