Friday, January 10, 2025
Kerala

വാഹനാപകടവും മരണവും തുടര്‍ക്കഥ; എറണാകുളം എളംകുളത്ത് റോഡില്‍ സ്പീഡ് ബ്രേക്കറുകള്‍ സ്ഥാപിക്കും

കൊച്ചി:വാഹനാപകടവും മരണവും തുടര്‍ക്കഥയായതോടെ സഹോദരന്‍ അയ്യപ്പന്‍ റോഡില്‍ എളംകുളം ഭാഗത്തെ അപകട സാധ്യതാ മേഖലയില്‍ അടിയന്തര ഗതാഗത പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാന്‍ ജില്ലാ കളക്ടര്‍ എസ് സുഹാസ് നിര്‍ദ്ദേശം നല്‍കി. പ്രദേശത്ത് തുടര്‍ച്ചയായി ഉണ്ടാകുന്ന അപകടങ്ങളുടെ പശ്ചാത്തലത്തില്‍ ചേര്‍ന്ന റോഡ് സുരക്ഷാ അവലോകന യോഗത്തില്‍ അപകട സാധ്യതാ മേഖലയില്‍ സ്പീഡ് ഡിറ്റക്ഷന്‍ കാമറകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചു.കൊച്ചി നഗരസഭയുടെ അനുമതി ലഭ്യമായതിനെത്തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പാണ് കാമറകള്‍ സ്ഥാപിക്കുന്നത്. പ്രദേശത്ത് വാഹനങ്ങളുടെ അമിത വേഗത നിയന്ത്രിക്കുന്നതിനായി അടിയന്തരമായി സ്പീഡ് ബ്രേക്കറുകള്‍ സ്ഥാപിക്കാന്‍ ജില്ലാ കലക്ടര്‍ നഗരസഭക്ക് നിര്‍ദേശം നല്‍കി.

കൊച്ചി മെട്രോ ഇവിടെ ട്രാഫിക് ബ്ലിങ്കറുകള്‍ സ്ഥാപിക്കും. റോഡിന്റെ വീതി വര്‍ധിപ്പിക്കുന്നതടക്കമുള്ള സാധ്യമായ നടപടികള്‍ ഒരാഴ്ചയ്ക്കകം സ്വീകരിക്കാന്‍ കലക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കലക്ട്രേറ്റില്‍ ചേര്‍ന്ന അടിയന്തര യോഗത്തില്‍ സിറ്റി ട്രാഫിക് അസി. കമ്മീഷ്ണര്‍മാര്‍, ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍, നഗരസഭാ ഉദ്യോഗസ്ഥര്‍, കൊച്ചി മെട്രോ അധികൃതര്‍ എന്നിവര്‍ പങ്കെടുത്തു. എളങ്കുളത്തെ അപകട വളവില്‍ ഇന്ന് പുലര്‍ച്ചെയും അപകടം ഉണ്ടാകുകയും ബൈക്ക് യാത്രക്കാരനായ യുവാവ് മരിക്കുകയും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ പരിക്കുകുളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.തൊടുപുഴ സ്വദേശി സനല്‍ സത്യന്‍ ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 6.30ഓടെയായിരുന്നു അപകടം.

എളങ്കുളം മെട്രോ സ്റ്റേഷന് സമീപം റോഡിനോടു ചേര്‍ന്നുള്ള സ്ലാബില്‍ നിയന്ത്രണം വിട്ട ബൈക്ക് ഇടിച്ചായിരുന്നു അപകടം.ഏതാനും ദിവസങ്ങള്‍ക്കു മുന്‍പും രണ്ട് യുവാക്കള്‍ ഇവിടെ അപകടത്തില്‍ മരിച്ചിരുന്നു. മെട്രോ തൂണില്‍ ഇടിച്ചാണ് അന്ന് അപകടമുണ്ടായത്. ഇരുചക്ര വാഹന യാത്രക്കാരാണ് ഇവിടെ കൂടുതലായും അപകടത്തില്‍പ്പെടുന്നത്.ഫെബ്രുവരി 25 നുണ്ടായ അപകടത്തില്‍ എളങ്കുളം സ്വദേശികളായി വിശാല്‍,സുമേഷ് എന്നിവരും മരിച്ചിരുന്നു.പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു അപകടം.നിയന്ത്രണം വിട്ട ബൈക്ക് മെട്രോ തൂണില്‍ ഇടിയ്ക്കുകയായിരുന്നു. വൈറ്റില ഭാഗത്തു നിന്നും കടവന്ത്രയിലേക്കെത്തുമ്പോള്‍ ഇളങ്കുളം സ്റ്റേഷനു സമീപം റോഡിലുള്ള വളവാണ് അപകടത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. വഴിയില്‍ വലിയ ഗതാഗത തിരക്ക് ഇല്ലാത്ത സമയങ്ങളില്‍ അമിത വേഗത്തില്‍ പായുന്ന ഇരുചക്ര വാഹനങ്ങള്‍ക്ക് മുന്നില്‍ വലിയ വളവാണെന്ന് ധാരണ കിട്ടാതെ പോകുന്നതാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നതെന്നാണ് പറയപ്പെടുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *