Wednesday, April 16, 2025
Kerala

ശബരിമല സത്യവാങ്മൂലം: പ്രചരിപ്പിക്കുന്ന നിലപാട് തന്റെയോ പാർട്ടിയുടെയോ അല്ലെന്ന് എം എ ബേബി

ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സർക്കാർ പുതിയ സത്യവാങ്മൂലം നൽകുമെന്ന നിലപാട് പിൻവലിച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. സത്യാവാങ്മൂലം നൽകുമെന്ന നിലയിൽ താൻ പറഞ്ഞുവെന്ന പ്രചാരണം തന്റെയോ പാർട്ടിയുടെയോ കാഴ്ചപ്പാടല്ല.

സുപ്രീം കോടതി വിധി വരുമ്പോൾ ഇടതുസർക്കാരാണ് അധികാരത്തിലെങ്കിൽ പ്രായോഗിക പ്രശ്‌നങ്ങൾ ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്യും. പാർട്ടിപരമായ നിലപാടോ കാഴ്ചപ്പാടോ ബലം പ്രയോഗിച്ച് നടപ്പാക്കില്ല. സാമൂഹിക സമവായമുണ്ടാക്കുമെന്നും ബേബി പറഞ്ഞു. നേരത്തെ ആവശ്യമെങ്കിൽ പുതിയ സത്യവാങ്മൂലം നൽകുമെന്ന് എം എ ബേബി പറഞ്ഞിരുന്നു. ഇത് വിവാദമായ സാഹചര്യത്തിലാണ് ബേബി നിലപാട് തിരുത്തിയത്.

ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ ഇടത് സർക്കാർ സ്വീകരിച്ച നടപടികളാണ് തെരഞ്ഞെടുപ്പിൽ ജനങ്ങൾ ചർച്ച ചെയ്യുക. തദ്ദേശ തെരഞ്ഞെടുപ്പിൽ ഇത് സംഭവിച്ചു. ഇതിൽ നിന്ന് വ്യതിചലിപ്പിക്കാൻ ഇപ്പോൾ ശ്രമം നടക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ് ബിജെപിയും കോൺഗ്രസും ശബരിമല വിഷയം ഉയർത്തി കൊണ്ടുവരുന്നതെന്നും ബേബി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *