കർഷകരുടെ ട്രാക്ടർ റാലി: 88 പോലീസുകാർക്ക് പരുക്കെന്ന് ഡൽഹി പോലീസ്; 22 കേസുകൾ രജിസ്റ്റർ ചെയ്തു
ചൊവ്വാഴ്ച ഡൽഹിയിൽ നടന്ന ട്രാക്ടർ റാലിക്കിടെയുണ്ടായ അനിഷ്ട സംഭവങ്ങളിൽ ഡൽഹി പോലീസ് 22 കേസുകൾ രജിസ്റ്റർ ചെയ്തു. പൊതുമുതൽ നശിപ്പിക്കൽ, ആയുധമുപയോഗിച്ച് പൊതുസേവകരെ ആക്രമിക്കൽ തുടങ്ങിയ കേസുകളാണ് പോലീസ് ചാർജ് ചെയ്തത്.
ആക്രമണത്തിൽ 86 പോലീസുകാർക്ക് പരുക്കേറ്റതായി ഡൽഹി പോലീസ് പറയുന്നു. എട്ട് ബസുകളും 17 സ്വകാര്യ വാഹനങ്ങളും നശിപ്പിക്കപ്പെട്ടു. തിക്രി, ഗാസിപൂർ എന്നിവിടങ്ങളിൽ പ്രതിഷേധക്കാർ ബാരിക്കേഡുകൾ തകർത്തതായും പോലീസ് പറയുന്നു
നിശ്ചയിച്ച വഴിയിൽ നിന്ന് മാറിയാണ് പ്രതിഷേധക്കാർ നീങ്ങിയത്. 12 മണിക്ക് ആരംഭിക്കുമെന്നാണ് പറഞ്ഞിരുന്നുവെങ്കിലും രാവിലെ എട്ട് മണിയോടെ റാലി ആരംഭിച്ചു. മണിക്കൂറുകൾക്കുള്ളിൽ അനിഷ്ടസംഭവങ്ങളും ആരംഭിച്ചു. പോലീസ് ആസ്ഥാനത്തേക്ക് വലിയ സംഘമായി പ്രതിഷേധക്കാരെത്തി. ന്യൂഡൽഹിയിലേക്ക് നീങ്ങാനുള്ള ശ്രമം തടഞ്ഞപ്പോഴാണ് ആക്രമണമുണ്ടായത്.
പോലീസിനെ ആക്രമിച്ചാണ് പ്രതിഷേധക്കാർ ചെങ്കോട്ടയിലേക്ക് നീങ്ങിയത്. കോട്ടയുടെ മുകളിൽ കയറി സിഖ് പതാക സ്ഥാപിച്ചു. ഏറെ ശ്രമിച്ചാണ് പ്രതിഷേധക്കാരെ ചെങ്കോട്ടയിൽ നിന്ന് നീക്കയതെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു.