Thursday, January 9, 2025
KeralaSports

ക്രിക്കറ്റ്: വേഗതയാര്‍ന്ന സെഞ്ച്വറി നേടിയ അസ്ഹറുദ്ദീന് മുഖ്യമന്ത്രിയുടെ അഭിനന്ദനം

തിരുവനന്തപുരം: സയ്യിദ് മുഷ്താഖ് അലി ട്വന്റി-ട്വന്റി ടൂര്‍ണമെന്റില്‍ മുംബൈക്കെതിരെ മികച്ച പ്രകടനം കാഴ്ച വച്ച മുഹമ്മദ് അസ്ഹറുദ്ദീന് മുഖ്യമന്ത്രിയുടെ അഭിനന്ദനം. വളരെ കുറച്ചു പന്തുകള്‍ നേരിട്ടു കൊണ്ട് അദ്ദേഹം നേടിയ സെഞ്ച്വറി കേരളത്തിനു തിളക്കമാര്‍ന്ന വിജയമാണ് സമ്മാനിച്ചത്. സ്ഥിരതയോടെ മികവുറ്റ രീതിയില്‍ മുന്നോട്ടു പോകാന്‍ അദ്ദേഹത്തിനു സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. അഭിമാനാര്‍ഹമായ വിജയം കരസ്ഥമാക്കിയ കേരള ക്രിക്കറ്റ് ടീമിനെയും മുഖ്യമന്ത്രി അഭിനന്ദിച്ചു. മുഹമ്മദ് അസ്ഹറുദ്ദീന് അദ്ദേഹം ആശംസകള്‍ നേരുകയും ചെയ്തു.

മുംബൈയ്‌ക്കെതിരേ എട്ട് വിക്കറ്റിന്റെ ജയമാണ് കേരളം നേടിയത്. 57 പന്തില്‍ 137 റണ്‍സെടുത്ത് പുറത്താവാതെ നിന്ന മുഹമ്മദ് അസ്ഹറുദ്ദീനാണ് കേരളത്തിന്റെ ജയം അനായാസമാക്കിയത്. 20 പന്തില്‍ നിന്ന് അര്‍ധ ശതകം നേടിയ അസ്ഹറുദ്ദീന്‍ 37 പന്തില്‍ നിന്ന് സെഞ്ചുറിയും നേടി. കേരളത്തിനായി ട്വന്റിയില്‍ സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന റെക്കോഡും അസ്ഹറുദ്ദീന്‍ സ്വന്തമാക്കി. ടൂര്‍ണ്ണമെന്റിന്റെ ചരിത്രത്തിലെ രണ്ടാമത്തെ വേഗതയേറിയ സെഞ്ചുറിയും കേരളാ താരത്തിന്റെ പേരിലായി. 32 പന്തില്‍ സെഞ്ചുറി നേടിയ ഋഷഭ് പന്തിന്റെ പേരിലാണ് വേഗതയേറിയ ശതകം.

കാസര്‍കോഡ് സ്വദേശിയാണ് മുഹമ്മദ് അസ്ഹറുദ്ദീന്‍.

Leave a Reply

Your email address will not be published. Required fields are marked *