കെ-ഫോണ്‍ പദ്ധതി: ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ നല്‍കേണ്ട വാടകയില്‍ നിന്നു പാവപ്പെട്ടവര്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കാന്‍ സര്‍ക്കാര്‍
തിരുവനന്തപുരം: കെ-ഫോണ്‍ ശൃംഖല ഉപയോഗിക്കാന്‍ ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ നല്‍കേണ്ട വാടകയില്‍ നിന്നു പാവപ്പെട്ടവര്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കാനുള്ള ചെലവ് കണ്ടെത്താന്‍ സര്‍ക്കാര്‍. അന്തിമ തീരുമാനം വൈകാതെ ഉണ്ടാകും. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള 20 ലക്ഷം കുടുംബങ്ങളില്‍ സൗജന്യ ഇന്റര്‍നെറ്റ് എത്തിക്കുകയാണു ലക്ഷ്യം.കെഫോണ്‍ ശൃംഖല ഉപയോഗിക്കുന്നതിനു സേവനദാതാവ് നല്‍കുന്ന വാടകയില്‍ നിന്നു സൗജന്യ കണക്ഷനുകളുടെ തുക ഇളവ് ചെയ്യുന്ന രീതിയാണ് പരിഗണനയിലുള്ളത്.
ഓരോ സേവനദാതാവും നല്‍കേണ്ട സൗജന്യ കണക്ഷനുകളുടെ എണ്ണം സര്‍ക്കാര്‍ നിശ്ചയിക്കും. ടെന്‍ഡര്‍ വഴിയായിരിക്കും സേവനദാതാക്കളെ തിരഞ്ഞെടുക്കുക. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കും സ്‌കൂളുകളിലേക്കും മാത്രമായിരിക്കും ഇന്റര്‍നെറ്റ് എത്തുക. 30,000 ഓഫിസുകളില്‍ 1,000 എണ്ണമാണ് ആദ്യഘട്ടത്തില്‍ ബന്ധിപ്പിക്കുക. കാസര്‍കോട് 127 കേന്ദ്രങ്ങളെ ബന്ധിപ്പിച്ചായിരിക്കും ഉദ്ഘാടനം.ഇന്റര്‍നെറ്റ് സേവനദാതാക്കളില്‍ നിന്ന് ഇന്റര്‍നെറ്റ് വിലയ്ക്കു വാങ്ങിയാണ് സര്‍ക്കാര്‍ ഓഫിസുകളില്‍ നല്‍കുക.
നിലവില്‍ 6,600 കിലോമീറ്റര്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ സ്ഥാപിച്ചുകഴിഞ്ഞു. റെയില്‍വേ ലൈന്‍, പാലങ്ങള്‍, ദേശീയപാത തുടങ്ങിയവയ്ക്കു കുറുകെ കേബിള്‍ വലിക്കുന്നതുമായി ബന്ധപ്പെട്ട് ഏകദേശം 70 കിലോമീറ്ററോളം ദൂരം അനിശ്ചിതത്വത്തിലാണ്. ഇവയ്ക്ക് അനുമതി കിട്ടിയാല്‍ മാത്രമേ കേബിള്‍ ഇടുന്നത് പൂര്‍ത്തിയാക്കാന്‍ കഴിയൂ.