ക്ലാസ് മുറിയിലെ വിവാഹം: പെൺകുട്ടിയെ വീട്ടിൽ നിന്നും പുറത്താക്കി; പോലീസ് കേസെടുത്തു
ആന്ധ്രപ്രദേശിലെ ഗോദാവരി ജില്ലയിലെ സർക്കാർ ജൂനിയർ കോളജ് ക്ലാസ് മുറിയിൽ വെച്ച് വിദ്യാർഥികൾ വിവാഹിതരായ സംഭവത്തിൽ പോലീസ് കേസെടുത്തു. യൂനിഫോമിലുള്ള ആൺകുട്ടി യൂനിഫോമിലുള്ള പെൺകുട്ടിയെ താലി അണിയിക്കുന്നതും സിന്ദൂരം തൊടീക്കുന്നതിന്റെയും വീഡിയോ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് കേസെടുത്തത്
ഹയർ സെക്കൻഡറി വിദ്യാർഥികളാണ് വീഡിയോ ദൃശ്യത്തിലുള്ളത്. സംഭവം വിവാദമായതോടെ പെൺകുട്ടിയെ വീട്ടിൽ നിന്നും മാതാപിതാക്കൾ ഇറക്കി വിട്ടു. പെൺകുട്ടിയെ അഭയ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. ഇരു കുട്ടികൾക്കും കൗൺസിലിംഗ് നൽകുമെന്ന് ആന്ധ്രാപ്രദേശ് മഹിളാ കമ്മീഷൻ ചെയർപേഴ്‌സൺ വസിറെഡ്ഡി പത്മ പറഞ്ഞു
വീട്ടിൽ നിന്നും പുറത്തായ പെൺകുട്ടിക്ക് കമ്മീഷൻ അഭയം നൽകുമെന്ന് ഇവർ അറിയിച്ചു. ആൺകുട്ടിയുടെ ബന്ധുക്കളുമായും കമ്മീഷൻ സംസാരിച്ചിട്ടുണ്ട്. 17 വയസ്സുള്ള കുട്ടികളാണ് ക്ലാസ് മുറിയിൽ വിവാഹിതരായത്. അതേസമയം നടന്നത് പ്രാങ്ക് വീഡിയോ ആണെന്ന് വിദ്യാർഥികൾ പറഞ്ഞിരുന്നു.