മറഡോണയ്ക്ക് ആദരം; സ്പാനിഷ് ലീഗില്‍ ബാഴ്‌സയ്ക്ക് തകര്‍പ്പന്‍ ജയം
ക്യാപ് നൗ: സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണയ്ക്ക് തകര്‍പ്പന്‍ ജയം. അന്തരിച്ച ഇതിഹാസ താരം ഡിഗോ മറഡോണയ്ക്ക് ആദരം അര്‍പ്പിച്ച മല്‍സരത്തില്‍ 4-0ത്തിന് ഒസാസുനയെയാണ് ബാഴ്‌സ തോല്‍പ്പിച്ചത്. മല്‍സരം തുടങ്ങുന്നതിന് മുമ്പ് ബാഴ്‌സലോണ തങ്ങളുടെ മുന്‍ താരമായ ഡീഗോയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. സൂപ്പര്‍ താരം ലയണല്‍ മെസ്സി ഡിഗോയ്ക്ക് ആദരം അര്‍പ്പിച്ചു. 73ാം മിനിറ്റില്‍ ഗോള്‍ നേടിയ മെസ്സി തന്റെ ജഴ്‌സി ഊരി അര്‍ജന്റീനന്‍ ക്ലബ്ബ് നെവെല്‍സ് ഓള്‍ഡ് ബോയിസിന്റെ 10ാം നമ്പര്‍ ടീഷര്‍ട്ട് പ്രദര്‍ശിപ്പിച്ചു. 1993ല്‍ മറഡോണ നെവെല്‍സ് ഓള്‍ഡ് ബോയിസിന് വേണ്ടി 10ാം നമ്പര്‍ ജെഴ്‌സിയിലാണ് കളിച്ചത്. സൂപ്പര്‍ താരം മെസ്സിയും ബാഴ്‌സയില്‍ ചേക്കേറുന്നതിന് മുമ്പ് നെവെല്‍സിനായാണ് കളിച്ചത്. മല്‍സരത്തിന് മുമ്പ് മറഡോണയുടെ വലിയ ചിത്രം മെസ്സി പ്രദര്‍ശിപ്പിച്ചിരുന്നു. 1982-84 സീസണിലാണ് മറഡോണ ബാഴ്‌സയ്ക്കായി കളിച്ചത്. ബ്രെത്ത് വൈറ്റ്, ഗ്രീസ്മാന്‍, കുട്ടീഞ്ഞോ എന്നിവരാണ് ബാഴ്‌സയ്ക്കായി ഇന്ന് ഗോള്‍ നേടിയ മറ്റ് താരങ്ങള്‍.
ലീഗില്‍ ഇന്ന് നടന്ന മറ്റ് മല്‍സരങ്ങളില്‍ സെല്‍റ്റാ വിഗോ ഗ്രനാഡയെ 3-1ന് തോല്‍പ്പിച്ചു. റയല്‍ സോസിഡാഡ്-വിയ്യാറല്‍ മല്‍സരം 1-1 സമനിലയില്‍ കലാശിച്ചു. ഗെറ്റാഫെ-അത്‌ലറ്റിക്കോ ബില്‍ബാവോ മല്‍സരവും 1-1 സമനിലയില്‍ കലാശിച്ചു.