ബാർ കോഴ കേസ്: ചെന്നിത്തലക്കെതിരെ കേസെടുക്കാനുള്ള അപേക്ഷയിൽ സ്പീക്കറുടെ തീരുമാനം ഇന്ന്
ബാർ കോഴ ആരോപണത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള അപേക്ഷയിൽ സ്പീക്കർ ഇന്ന് തീരുമാനമെടുത്തേക്കും. സ്പീക്കർമാരുടെ സമ്മേളനത്തിന് ശേഷം പി ശ്രീരാമകൃഷ്ണൻ ഗുജറാത്തിൽ നിന്നും തിരുവനന്തപുരത്ത് തിരിച്ചെത്തിയിട്ടുണ്ട്.
വിജിലൻസ് ഡയറക്ടറെ വിളിച്ചു വരുത്തി കാര്യങ്ങൾ ചോദിച്ചറിഞ്ഞ ശേഷമാകും അപേക്ഷയിൽ തീരുമാനമെടുക്കുക. കിഫ്ബിയിലെ സിഎജി റിപ്പോർട്ടിൽ ഭരണ പ്രതിപക്ഷ കക്ഷികളുടെ അഞ്ച് അവകാശ ലംഘന പരാതികളും സ്പീക്കറുടെ പരിഗണനയിലുണ്ട്.
ബാർ ലൈസൻസ് ഫീസ് കുറയ്ക്കാനായി ബാറുടമകൾ പിരിച്ച പണം രമേശ് ചെന്നിത്തലക്കും കെ ബാബുവിനും വി എസ് ശിവകുമാറിനും നൽകിയെന്നായിരുന്നു ബിജു രമേശിന്റെ ആരോപണം. രമേശ് ചെന്നിത്തലക്ക് ഒരു കോടിയും ബാബുവിന് അമ്പത് ലക്ഷവും ശിവകുമാറിന് 25 ലക്ഷവും കൈമാറിയെന്നും ബിജു രമേശ് വെളിപ്പെടുത്തിയിരുന്നു.