ബളാൽ ആൻമേരി കൊലപാതകം: കുറ്റപത്രം സമർപ്പിച്ചു, കേസിൽ പ്രതി ആൽബിൻ മാത്രം
കാസർകോട് ബളാലിൽ പതിനാറുകാരിയായ സഹോദരിയെ ഐസ്ക്രീമിൽ വിഷം ചേർത്ത് നൽകി സഹോദരൻ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം സമർപ്പിച്ചു. ആൻമേരി വധക്കേസിലാണ് കുറ്റപത്രം നൽകിയത്. ആയിരത്തോളം പേജുള്ള കുറ്റപത്രമാണ് ഹോസ്ദുർഗ് മജിസ്ട്രേറ്റ് കോടതിയിൽ നൽകിയത്
അരിയങ്കൽ ബെന്നി-ബെസി ദമ്പതികളുടെ മകളായ ആൻമേരിയുടെ കൊലപതാകവുമായി ബന്ധപ്പെട്ട് സഹോദരനായ ആൽബിൻ മാത്രമാണ് പ്രതി. കേസിൽ നൂറോളം സാക്ഷികളെ വിസ്തരിച്ചിരുന്നു. ആൻമേരിയെ കൊലപ്പെടുത്താൻ ഉപയോഗിച്ച എലിവിഷത്തിന്റെ ട്യൂബ് കത്തിച്ച അവശിഷ്ടങ്ങൾ, ഐസ്ക്രീം ഉണ്ടാക്കാൻ ഉപയോഗിച്ച പാത്രങ്ങൾ എന്നിവയാണ് തൊണ്ടിമുതലുകൾ
ഓഗസ്റ്റ് അഞ്ചിനാണ് ആൻമേരി ചികിത്സയിലിരിക്കെ മരിക്കുന്നത്. ജൂലൈ 30നാണ് ആൽബിൻ ഐസ്ക്രീമിൽ വിഷം ചേർത്ത് വീട്ടിൽ എല്ലാവർക്കും നൽകിയത്. മയക്കുമരുന്നിന് അടിമയായ ആൽബിൻ വീട്ടുകാരെ ഇല്ലാതാക്കി സ്വത്ത് തട്ടിയെടുക്കാനുള്ള ശ്രമമായിരുന്നു.
പിതാവും ആൻമേരിയും ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആൻമേരി ചികിത്സയിലിരിക്കെ മരിച്ചു. പിതാവ് രക്ഷപ്പെട്ടു.