Monday, March 10, 2025
Education

നീറ്റ് പരീക്ഷയില്‍ ചരിത്രവിജയം നേടി ശുഐബ് അഫ്താബ്; 720/ 720

ന്യൂഡല്‍ഹി: നാഷനല്‍ എലിജിബിലിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) പരീക്ഷയില്‍ ചരിത്രവിജയം നേടി ഒഡീഷ സ്വദേശി ശുഐബ് അഫ്താബ്. 720ല്‍ 720 മാര്‍ക്ക് എന്ന പെര്‍ഫെക്ട് സ്‌കോര്‍ നേടിയാണ് റൂര്‍ക്കല സ്വദേശിയായ 18കാരന്റെ ചരിത്രവിജയം. ഒക്ടോബര്‍ 16ന് നടന്ന രണ്ടാംഘട്ട നീറ്റ് പരീക്ഷയെഴുതിയാണ് അഫ്താബ് ഒന്നാം റാങ്ക് കരസ്ഥമാക്കിയത്. മെഡിക്കല്‍ എന്‍ട്രന്‍സ് ടെസ്റ്റില്‍ ഇതുവരെ 100 ശതമാനം മാര്‍ക്കും നേടിയ ചരിത്രം ആര്‍ക്കുമുണ്ടായിട്ടില്ല.

നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) അന്തിമഫലങ്ങള്‍ പ്രഖ്യാപിക്കുന്നതിന് മുമ്പുതന്നെ താന്‍ മുഴുവന്‍ മാര്‍ക്കും നേടിയിട്ടുണ്ടെന്ന് കോട്ടയിലെ പ്രമുഖ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് കോച്ചിങ് നേടിയ ശുഐബിന് ഉത്തരസൂചികകള്‍ പരിശോധിച്ചതില്‍നിന്ന് ഉറപ്പുണ്ടായിരുന്നു. കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് സപ്തംബര്‍ 13ന് നടന്ന നീറ്റ് പരീക്ഷ എഴുതാന്‍ അഫ്താബിന് കഴിഞ്ഞിരുന്നില്ല. പരീക്ഷയെഴുതാന്‍ കഴിയാതിരുന്നവര്‍ക്ക് സുപ്രിംകോടതി നിര്‍ദേശത്തെത്തുടര്‍ന്ന് കഴിഞ്ഞദിവസം നടത്തിയ പരീക്ഷയിലാണ് അഫ്താബ് ചരിത്രം കുറിച്ചത്.

ഡല്‍ഹി സ്വദേശിനി ആകാംക്ഷാ സിങ്ങിനാണ് രണ്ടാം റാങ്ക്. രണ്ടുപേര്‍ക്കും ഫുള്‍ മാര്‍ക്കുണ്ടെങ്കിലും വെയ്‌റ്റേജിന്റെ അടിസ്ഥാനത്തിലാണ് ശുഐബിന് ഒന്നാം റാങ്ക് ലഭിച്ചത്. കഴിഞ്ഞ മൂന്നുവര്‍ഷമായി കോട്ടയിലെ പ്രമുഖ കോച്ചിങ് സെന്ററായ അലന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ഥിയായ ശുഐബ്. ഒരു നല്ല കാര്‍ഡിയോളജിസ്റ്റായി രാജ്യത്തെ സേവിക്കുകയെന്നതാണ് തന്റെ ആഗ്രഹമെന്ന് ശുഐബ് പറയുന്നു. ഡല്‍ഹിയിലെ എയിംസില്‍ കൂടുതല്‍ പഠനം നടത്താനാണ് ആഗ്രഹമെന്നും അദ്ദേഹം പറയുന്നു. കൊവിഡ് കാലഘട്ടത്തില്‍ തന്റെ സംശയങ്ങളെല്ലാം തീര്‍ത്തു. അധികസമയമുണ്ടായിരുന്നതിനാല്‍ ഈ കാലഘട്ടത്തെ ഒരു അവസരമായി ഞാന്‍ കണ്ടു- സീ ന്യൂസിനോട് പറഞ്ഞു.

ഡോക്ടറായശേഷം പാവപ്പെട്ടവരെ സേവിക്കാനാണ് മകന്‍ ആഗ്രഹിക്കുന്നതെന്ന് ശൊയ്ബിന്റെ മാതാവ് സുല്‍ത്താന റസിയ പ്രതികരിച്ചു. വര്‍ഷങ്ങളായി അതിനുവേണ്ടിയുള്ള പരിശ്രമത്തിലായിരുന്നു. തന്റെ കുടുംബത്തില്‍ ഒരു ഡോക്ടറില്ല. ആദ്യ 100 അല്ലെങ്കില്‍ മികച്ച 50 സ്ഥാനങ്ങളിലെത്തുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, 720/720 സ്‌കോര്‍ ചെയ്യുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല.

ഡോക്ടറായശേഷം പാവപ്പെട്ടവരെ സേവിക്കാനാണ് മകന്‍ ആഗ്രഹിക്കുന്നതെന്ന് ശൊയ്ബിന്റെ മാതാവ് സുല്‍ത്താന റസിയ പ്രതികരിച്ചു. വര്‍ഷങ്ങളായി അതിനുവേണ്ടിയുള്ള പരിശ്രമത്തിലായിരുന്നു. തന്റെ കുടുംബത്തില്‍ ഒരു ഡോക്ടറില്ല. ആദ്യ 100 അല്ലെങ്കില്‍ മികച്ച 50 സ്ഥാനങ്ങളിലെത്തുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, 720/720 സ്‌കോര്‍ ചെയ്യുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല.

പരീക്ഷ മാറ്റിവച്ചപ്പോള്‍ വളരെയധികം സമ്മര്‍ദമുണ്ടായി. ശാന്തത പാലിച്ച് സമയം പഠനത്തിനായി വിനിയോഗിക്കുകയെന്നതായിരുന്നു മകന്റെ ലക്ഷ്യമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ആദ്യ അമ്പത് റാങ്കുകാരില്‍ നാലുപേര്‍ മലയാളികളാണ്. 12ാം റാങ്ക് നേടിയ ഐഷ എസ് (710 മാര്‍ക്ക്), 22ാം റാങ്കുള്ള എ ലുലു (706 മാര്‍ക്ക്), 25ാം റാങ്ക് നേടിയ സനീഷ് അഹമ്മദ് (705 മാര്‍ക്ക്), 50ാം റാങ്ക് നേടിയ ഫിലമോന്‍ കുര്യാക്കോസ് (705 മാര്‍ക്ക്) എന്നിവരാണവര്‍.

 

 

 

Leave a Reply

Your email address will not be published. Required fields are marked *