Saturday, January 4, 2025
National

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഓഹരി കുംഭകോണം നടന്നെന്ന ആരോപണം; ബിജെപിയുടെ പങ്ക് അന്വേഷിക്കണമെന്ന് സെബിയോട് ആവശ്യപ്പെട്ട് ഇന്ത്യാ മുന്നണി

ഓഹരി വിപണിയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിനോട് അനുബന്ധിച്ച് വലിയ തട്ടിപ്പ് നടന്നെന്ന് ചൂണ്ടിക്കാട്ടി സെബിയ്ക്ക് പരാതി സമര്‍പ്പിച്ച് ഇന്ത്യാ മുന്നണി. തെരഞ്ഞെടുപ്പ് ഫലം തെറ്റായി പ്രചരിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ സാധാരണ നിക്ഷേപകര്‍ക്ക് നഷ്ടമുണ്ടാക്കിയെന്ന് ഇന്ത്യാ മുന്നണി പരാതിയില്‍ ചൂണ്ടിക്കാട്ടി. ഈ തട്ടിപ്പില്‍ ബിജെപി നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്ന് ഇന്ത്യാ മുന്നണി സെബിയോട് ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും ഈ ഓഹരി വിപണി തട്ടിപ്പില്‍ നേരിട്ട് പങ്കുണ്ടെന്നാണ് രാഹുല്‍ ഗാന്ധിയുടെ ആരോപണം. വിഷയത്തില്‍ ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റിയുടെ അന്വേഷണം വേണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. ജൂണ്‍ നാലിന് ഓഹരിവിപണിയിലുണ്ടായ തകര്‍ച്ചയെ ഏറ്റവും വലിയ ഓഹരി വിപണി കുംഭകോണമെന്നാണ് രാഹുല്‍ ഗാന്ധി വിശേഷിപ്പിച്ചിരുന്നത്. വ്യാജ എക്‌സിറ്റ് പോളുകളിലൂടെ സാധാരണക്കാരെ ഓഹരികള്‍ വാങ്ങിക്കാന്‍ പ്രേരിപ്പിച്ചെന്നും തെരഞ്ഞെടുപ്പ് ഫലം വരുന്നതിന്റെ തലേന്ന് റെക്കോര്‍ഡുകള്‍ തകര്‍ക്കുന്ന നിലയില്‍ ക്രയവിക്രയം നടന്നെന്നും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.

തെരഞ്ഞെടുപ്പിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ധനമന്ത്രി നിര്‍മല സീതാരാമന്‍ എന്നിവര്‍ ഓഹരി വിപണിയെക്കുറിച്ച് സൂചിപ്പിച്ചിരുന്നെന്നും അവര്‍ ഓഹരികള്‍ വാങ്ങാന്‍ നിക്ഷേപകരെ പ്രേരിപ്പിച്ചെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ നിക്ഷേപകര്‍ക്ക് 31 ലക്ഷം കോടി രൂപയാണ് നഷ്ടമായിരുന്നത്. എന്നാല്‍ ഓഹരി കുംഭകോണമെന്ന ആരോപണം തെറ്റാണെന്ന് ബിജെപി പ്രതികരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *