Saturday, January 4, 2025
National

രാഹുല്‍ ഒഴിയുന്നു, പ്രിയങ്ക വരുന്നു, എന്താണ് വയനാട്ടിലെ കോൺഗ്രസിൻ്റെ കരുനീക്കങ്ങൾ

വയനാട്ടുകാർക്കിനി ഒന്നല്ല, രണ്ട് എംപിമാരുണ്ടാകും – റായ്ബറേലി സീറ്റ് നിലനിർത്താനുള്ള തീരുമാനം അറിയിച്ച് രാഹുൽ ഗാന്ധി നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞതാണ് ഇക്കാര്യം. താൻ ഒഴിയുമ്പോൾ വയനാടിനെ പ്രതിനിധീകരിക്കാൻ പാർട്ടി തൻ്റെ സഹോദരി കൂടിയായ പ്രിയങ്ക ഗാന്ധിയെ ചുമതലയേൽപ്പിച്ചത് പറഞ്ഞുകൊണ്ടായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം. ഇന്നലെ ദില്ലിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയുടെ വസതിയിൽ ചേർന്ന യോഗത്തിലാണ് നിർണായക തീരുമാനം.

കോൺഗ്രസിൻ്റെ ഉറച്ച സീറ്റായ വയനാട്ടിൽ പ്രിയങ്ക ഗാന്ധി മത്സരിച്ചാൽ ചരിത്രത്തിലാദ്യമായി നെഹ്റു-ഗാന്ധി കുടുംബത്തിലെ മൂന്ന് പേർ പാർലമെൻ്റിൽ എത്തുന്നുവെന്ന സവിശേഷ സാഹചര്യവും ഉണ്ടാവും. നിലവിൽ രാജ്യസഭാംഗമാണ് സോണിയ ഗാന്ധി. റായ്ബറേലിയെ പ്രതിനിധീകരിക്കുന്ന രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവാകുമെന്നാണ് സൂചന. ഇതിന് പുറമെയാണ് പ്രിയങ്ക ഗാന്ധി കൂടി പാർലമെൻ്ററി ജനാധിപത്യത്തിലേക്ക് എത്തുന്നത്.

ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ അധികാരം നേടാനായില്ലെങ്കിലും കോൺഗ്രസിന് പുത്തനുണർവ് നേടാനായിട്ടുണ്ട്. യുപിയിൽ ആറ് സീറ്റ് ജയിച്ച അവർക്ക് അമേഠി തിരികെ പിടിക്കാനായതും വലിയ ആത്മവിശ്വാസം നൽകുന്നു. റായ്ബറേലിയിൽ രാഹുൽ ഗാന്ധിയുടെ വിജയവും അവർക്ക് ഉത്തേജനമാണ്. 2014 ൽ 2 സീറ്റ് ജയിച്ചപ്പോൾ ഏഴര ശതമാനം വോട്ട് വിഹിതവും 2019 ൽ റായ്ബറേലി മാത്രം ജയിച്ചപ്പോൾ ആറ് ശതമാനവും വോട്ട് വിഹിതം മാത്രമായിരുന്നു യുപിയിൽ കോൺഗ്രസിന് ഉണ്ടായിരുന്നത്. എന്നാൽ ഇന്ത്യ സഖ്യത്തിൻ്റെ ഭാഗമായി 17 സീറ്റിൽ മാത്രം മത്സരിച്ച ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ വോട്ട് വിഹിതം 9.46 ശതമാനമായി ഉയർന്നു.

മൂന്ന് വർഷത്തിന് ശേഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കേണ്ട യുപിയിൽ വലിയ ആത്മവിശ്വാസത്തോടെ പ്രവർത്തിക്കാൻ കോൺഗ്രസിന് സാധിക്കും. 2022 ൽ സംസ്ഥാനത്തെ 403 അസംബ്ലി സീറ്റുകളിൽ മത്സരിച്ച കോൺഗ്രസിന് വെറും രണ്ടെണ്ണത്തിലാണ് ജയിക്കാൻ കഴിഞ്ഞത്. പ്രിയങ്ക ഗാന്ധി മുന്നിൽ നിന്ന് നയിച്ചിട്ട് പോലും പാർട്ടിക്ക് സംസ്ഥാനത്ത് 2.33 ശതമാനം വോട്ട് മാത്രമാണ് കിട്ടിയത്. എന്നാൽ സമാജ്‌വാദി പാർട്ടിയുമായി ചേർന്ന് ഇന്ത്യ സഖ്യമായി നിൽക്കുന്നത് കോൺഗ്രസിന് സംസ്ഥാനത്ത് വലിയ പ്രതീക്ഷയേകുന്നുണ്ട്.

യുപിയിൽ ചിത്രത്തിലില്ലാത്ത വിധം കോൺഗ്രസിനെ തൂത്തെറിഞ്ഞ 2019 ലെ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിക്ക് കച്ചിത്തുരുമ്പായ നാടാണ് വയനാട്. സംസ്ഥാനത്ത് 19 സീറ്റിലും കോൺഗ്രസ് നയിക്കുന്ന യു.ഡി.എഫ് മുന്നണിക്ക് ജയിക്കാനായതും നേട്ടമായിരുന്നു. എന്നാൽ തൊട്ടുപിന്നാലെ നടന്ന അസംബ്ലി തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ഒന്നുകൂടി ഉയർത്തി ഇടതുപക്ഷം ഭരണം നിലനിർത്തിയത് കോൺഗ്രസിന് കനത്ത തിരിച്ചടിയായി. ഇപ്പോൾ വീണ്ടും 18 സീറ്റിൽ ജയിച്ച യു.ഡി.എഫിന് രാഹുൽ വയനാട് ഒഴിയുന്നത് സംസ്ഥാനത്ത് രാഷ്ട്രീയമായി തിരിച്ചടിയാകുമെന്ന ആശങ്കയുണ്ട്. ഈ ക്ഷീണം മറികടക്കാനാണ് പ്രിയങ്ക ഗാന്ധിയെ വയനാട്ടിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്.

മുസ്ലിം ലീഗിന് വലിയ സ്വാധീനമുള്ള വയനാട് മണ്ഡലത്തിൽ കോൺഗ്രസിന് മത്സരിപ്പിക്കാൻ മികച്ച സ്ഥാനാർത്ഥികൾ കുറവാണ്. വടകരയിൽ നിന്ന് സുരേഷ് ഗോപിയെ പരാജയപ്പെടുത്താൻ തൃശ്ശൂരിൽ നിയോഗിക്കപ്പെട്ട് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടുപോയ കെ മുരളീധരനെ വയനാട്ടിൽ മത്സരിപ്പിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ ഇത് സി.പി.എമ്മിനെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന വിലയിരുത്തലാണ് കോൺഗ്രസ് ക്യാംപിലുണ്ടായത്. ഗാന്ധി കുടുംബം കേരളത്തെ കൈവിട്ടെന്ന വിമർശനങ്ങൾ എൽഡിഎഫിൽ നിന്നും ബിജെപിയിൽ നിന്നും ഉയരുമെന്നായിരുന്നു കോൺഗ്രസ് വിലയിരുത്തൽ. അത് മറികടക്കാൻ നിലവിൽ സംസ്ഥാനത്തെ പാർട്ടിയുടെ സ്ഥിതി കൂടുതൽ ശക്തിപ്പെടുത്താനും ഗാന്ധി കുടുംബാംഗം തന്നെ വയനാടിനെ പ്രതിനിധീകരിക്കണമെന്ന ആവശ്യമാണ് പാർട്ടിയുടെ ദേശീയ തലത്തിൽ ഉണ്ടായത്.

യുപിയിൽ കോൺഗ്രസിനെ ഉത്തേജിപ്പിക്കാൻ കഠിനാധ്വാനം ചെയ്ത പ്രിയങ്ക ഗാന്ധിക്ക് കാര്യമായ നേട്ടമുണ്ടാക്കാൻ സാധിച്ചിരുന്നില്ല. 2022 അസംബ്ലി തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് കോൺഗ്രസിനെ നയിച്ചത് പ്രിയങ്കയായിരുന്നു. ഫലം വന്നപ്പോൾ ജയിച്ചത് 2 സീറ്റിൽ മാത്രം. എഐസിസി ജനറൽ സെക്രട്ടറിയായി തുടർന്നെങ്കിലും പ്രത്യേക ചുമതലകളൊന്നും അവർക്ക് ഉണ്ടായിരുന്നില്ല. തെരഞ്ഞെടുപ്പ് പ്രചാരണം മാത്രമായിരുന്നു അവരുടെ ജോലി. പാർട്ടിയുടെ സംഘടനാ ചുമതലകൾ ഏറ്റെടുക്കാൻ പ്രിയങ്ക ഗാന്ധിയും മടിച്ചു.

ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രിയങ്കാ ഗാന്ധി അമേഠിയിൽ മത്സരിക്കുമെന്ന അഭ്യൂഹം പ്രചരിച്ചിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ശ്രദ്ധ മുഴുവനും പ്രിയങ്കയിലേക്കും രാഹുലിലേക്കുമായി കേന്ദ്രീകരിക്കപ്പെടുമെന്ന ആശങ്ക കോൺഗ്രസ് നേതൃത്വത്തിന് ഉണ്ടായിരുന്നു. ഇതേ തുടർന്നാണ് ലോക്സഭാ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷം മത്സരിക്കാനുള്ള തീരുമാനത്തിലേക്ക് പ്രിയങ്ക ഗാന്ധി പോയത്. എന്നാൽ പ്രിയങ്ക ഗാന്ധി കൂടി പാർലമെന്ററി ജനാധിപത്യത്തിലേക്ക് വരുമ്പോൾ കുടുംബാധിപത്യമെന്ന മുറവിളി ഒന്നുകൂടി ശക്തമായി ഉയരും.

എന്നാൽ കേന്ദ്രത്തിൽ മൂന്നാം വട്ടം അധികാരത്തിലേറിയ ബി.ജെ.പിക്ക് കേവല ഭൂരിപക്ഷം നേടാൻ കഴിയാതെ പോയതാണ് കോൺഗ്രസ് നേതൃത്വത്തിന് പ്രതീക്ഷയേകുന്നത്. പ്രിയങ്ക ഗാന്ധിയെ പാർലമെൻ്ററി ജനാധിപത്യത്തിൽ ഇറക്കാൻ ഇതിലും മികച്ചൊരു സമയമില്ലെന്ന വിലയിരുത്തൽ വരുന്നതും ഈ സാഹചര്യത്തിലാണ്. ഒരുപക്ഷെ ബിജെപി ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മുന്നൂറ് സീറ്റ് നേടിയിരുന്നെങ്കിൽ പ്രിയങ്ക ഗാന്ധി മത്സരിക്കാൻ വരുമായിരുന്നില്ല എന്നും വിലയിരുത്തലുണ്ട്. 2022 ൽ ഉദയ്‌പൂറിൽ നടന്ന ചിന്തൻ ശിവിറിൽ ഒരു കുടുംബത്തിന് ഒരു ടിക്കറ്റ് എന്ന നയം സ്വീകരിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും ഇതിൽ പിന്നീട് വെള്ളം ചേർത്തിരുന്നു. അതിന് മുൻപ് 2019 ലായിരുന്നു പ്രിയങ്ക ഗാന്ധിയുടെ രംഗപ്രവേശം. 2024 ൽ പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാർത്ഥിത്വവും പാർട്ടി നേതൃത്വം അംഗീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *