Sunday, April 13, 2025
Kerala

ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ സുരേന്ദ്രൻ; സ്ഥലമിടപാടെന്ന് വിശദീകരണം

ടി ജി നന്ദകുമാറിൽ നിന്നും പത്ത് ലക്ഷം രൂപ വാങ്ങിയെന്ന് ബിജെപി നേതാവും ആലപ്പുഴയിലെ സ്ഥാനാര്‍ത്ഥിയുമായ ശോഭാ സുരേന്ദ്രൻ. സ്വന്തം പേരിലുള്ള എട്ട് സെന്റ് വസ്തു വില്‍പനയ്ക്ക് വേണ്ടിയാണ് പണം കൈപ്പറ്റിയത്. വസ്തു രജിസ്റ്റര്‍ ചെയ്ത് വാങ്ങാന്‍ പലവട്ടം ആവശ്യപ്പെട്ടിട്ടും ടി ജി നന്ദകുമാര്‍ ചെയ്തില്ലെന്നും ശോഭ ചൂണ്ടിക്കാട്ടി.

തന്റെ സഹോദരിയുടെ ഭർത്താവിന്റെ കാൻസർ ചികിത്സാ സമയത്ത് സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിരുന്നു. ഈ സമയത്ത് തന്റെ പേരിലുള്ള 8 സെന്റ് വാങ്ങാമോ എന്ന് നന്ദകുമാറിനോട് ചോദിച്ചു. നന്ദകുമാര്‍ ഇത് സമ്മതിച്ച് 10 ലക്ഷം പണമായി തരാമെന്നും പറഞ്ഞു. പക്ഷെ അക്കൗണ്ട് വഴി മതിയെന്ന് ഞാൻ പറഞ്ഞു. ഈ ഭൂമിയിടപാടിന്റെ അഡ്വാൻസായാണ് തുക വാങ്ങിയതെന്നാണ് ശോഭയുടെ വിശദീകരണം. ഭൂമി വാങ്ങാമെന്ന് പറഞ്ഞ് വഞ്ചിച്ചത് കൊണ്ടാണ് താൻ അഡ്വാൻസ് തുക തിരികെ നൽകാത്തത്. എന്റെ ഭൂമി ആർക്കും ഇത് വരെ വിറ്റിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു

ബിജെപി നേതാവ് അനില്‍ ആന്റണി, ശോഭ സുരേന്ദ്രന്‍ എന്നിവര്‍ക്കെതിരെ ആയിരുന്നു ടി.ജി. നന്ദകുമാര്‍ ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച ആക്ഷേപം ഉന്നയിച്ചത്. ശോഭയ്ക്ക് പത്ത് ലക്ഷം രൂപ നല്‍കിയതിന്റെ രേഖയെന്ന് അവകാശപ്പെട്ട് ഒരു ബാങ്ക് രസീതും നന്ദകുമാര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു. തൃശൂരില്‍ സ്ഥലം വാങ്ങാനാണ് ശോഭയ്ക്ക് പണം നല്‍കിയതെന്നും നന്ദകുമാര്‍ പറഞ്ഞു. അനില്‍ ആന്റണിയ്‌ക്കെതിരായ ആരോപണത്തില്‍ ചില ചിത്രങ്ങളും നന്ദകുമാറിനെ അനില്‍ ആന്റണി വിളിച്ചെന്ന് അവകാശപ്പെടുന്ന ഫോണ്‍ നമ്പറുകളുമാണ് പുറത്തുവിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *