Tuesday, March 11, 2025
Kerala

ഫ്രീക്കന്മാരെ അവഗണിക്കില്ല; അവരുടെ കഴിവുകൾ കാണിക്കാൻ പ്രത്യകം സ്ഥലം കണ്ടെത്തണം; കെ ബി ഗണേഷ്‌കുമാർ

ഫ്രീക്കന്മാരെ അവഗണിക്കില്ല അവരുടെ കഴിവുകൾ കാണിക്കാൻ പ്രത്യകം സ്ഥലം കണ്ടെത്തണമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ. സ്ഥലം കണ്ടെത്തിയാൽ നിയമപരമായ രീതിയിൽ അനുമതി നൽകാമെന്ന് മന്ത്രി അറിയിച്ചു. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് മന്ത്രി വിവരം അറിയിച്ചത്.

അവർ ചെയ്യുന്ന അഭ്യാസങ്ങളൊക്കെ കഴിവ് തന്നെയായിരിക്കാം പക്ഷെ അത് റോഡിൽ വേണ്ട. സ്ഥലം കണ്ടുപിടിച്ച് അറിയിച്ചാൽ തക്കതായ ഇൻഷുറൻസും കാര്യങ്ങളും ഉണ്ടെങ്കിൽ അനുവദിക്കും. എന്നാൽ റോഡിൽ അഭ്യാസം പാടില്ല. ഓരോ ജീവനും പ്രാധാന്യം നൽകുകയാണ് സർക്കാർ ലക്ഷ്യം. ലോറികളിലെ നമ്പർ പ്ലേറ്റ് വിസിബിൾ ആയിരിക്കണം.

ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ലേണേഴ്സ് പരീക്ഷയിൽ സമ​ഗ്രമായ മാറ്റം വരുത്തുമെന്ന് മന്ത്രി ​അറിയിച്ചു. പരീക്ഷാ രീതിയിൽ മാറ്റമുണ്ടാകും. നേരത്തെ 20 ചോദ്യങ്ങളിൽ 12 എണ്ണത്തിന് ശരിയുത്തരമെഴുതിയാൽ ലേണിങ് പരീക്ഷ പാസാകുമായിരുന്നു. ഇനി ചോദ്യങ്ങളുടെ എണ്ണം 20ൽ നിന്ന് 30ആക്കി ഉയർത്തും.

30 ചോദ്യങ്ങളിൽ 25 എണ്ണത്തിനും ശരിയുത്തരമെഴുതിയാൽ മാത്രമേ ലേണേഴ്സ് പരീക്ഷ പാസാകൂവെന്നും മന്ത്രി വ്യക്തമാക്കി. ഒരുദിവസം ഒരു ഓഫീസിൽ നിന്ന് 20ലധികം ലൈസന്‍സ് അനുവദിക്കരുതെന്ന് തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യം വ്യക്തമാക്കി ഉത്തരവ് ഉടന്‍ പുറപ്പെടുവിക്കും. വാഹനം ഓടിക്കുക എന്നതല്ല, വാഹനം കൈകാര്യം ചെയ്യുക എന്നതാണ് പ്രധാനമെന്നും മന്ത്രി പറഞ്ഞു.

ശുപാർശ കൊണ്ടുവന്നാൽ ലൈസൻസ് നൽകില്ല. ഡ്രൈവിങ് സ്കൂളുകളുടെ പ്രവർത്തനത്തിലും മാറ്റം വരുത്തുമെന്നും എല്ലാം ക്യാമറയിൽ പകർത്തുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് നാലര ലക്ഷം ലൈസൻസും ആർസി ബുക്കും വിതരണം ചെയ്യാനുണ്ടെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *