Saturday, October 19, 2024
Kerala

‘നവകേരള സദസിലെ പിന്തുണ കണ്ട് വിറളിപൂണ്ട് എംടിയുടെ പരാമർശത്തെ വഴിതിരിച്ചു വിടുന്നു’; എംടി ഉദ്ദേശിച്ചത് അങ്ങനെയല്ലെന്ന് സജി ചെറിയാൻ

പിണറായി വിജയൻ ജനപിന്തുണയുള്ള നേതാവെന്ന് മന്ത്രി സജി ചെറിയാൻ. നവകേരള സദസ് അതിന്റെ തെളിവാണ്. നവകേരള സദസിലെ പിന്തുണ കണ്ട് വിറളിപൂണ്ട് എംടി യുടെ പരാമർശത്തെ തിരിച്ചുവിടുന്നു. എംടി തന്നെ ഇക്കാര്യം നിഷേധിച്ചു. എംടി ഉദ്ദേശിച്ചതിനെ വളച്ചൊടിച്ചു എന്നും സജി ചെറിയാൻ പറഞ്ഞു.

ഇ.എം.എസ് അങ്ങനെയല്ല, പിണറായി വിജയനും അങ്ങനെയല്ല. സർക്കാരിന്റെ ജന പിന്തുണ ഇടിച്ചുതാഴ്ത്താൻ ബോധപൂർവം നടത്തുന്ന പ്രചരണമാണ് ഇന്നലെ എം ടിയുടെ വാക്കുകളിലൂടെ കേരളത്തിലെ മാധ്യമങ്ങൾ ചെയ്തത്. എംടി തന്നെ ഇത് നിഷേധിച്ചിട്ടുണ്ട്. മാത്രമല്ല എംടി അങ്ങനെ ഉദ്ദേശിക്കേണ്ട കാര്യവുമില്ല. കാരണം, കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ജനനേതാവാണ്. അപ്പോൾ എംടി അങ്ങനെ ഒരിക്കലും ഉദ്ദേശിക്കില്ല. അദ്ദേഹം ഒരു പ്രസംഗത്തിൽ ഒരു പരാമർശം നടത്തി. അത് ആരെ പറ്റി വേണമെങ്കിലും ആർക്കുവേണമെങ്കിലും എടുക്കാം. പക്ഷേ, അത് കേരളത്തിലെ മുഖ്യമന്ത്രിയെ ടാർഗറ്റ് ചെയ്തുകൊണ്ട് നടത്തുന്ന ഒരുപറ്റം മാധ്യമങ്ങളുടെ പരിശ്രമമായി മാത്രമേ താൻ കാണൂ എന്നും സജി ചെറിയാൻ പറയുന്നു.

എംടിയുടെ പ്രസംഗം മാധ്യമങ്ങൾ വളച്ചൊടിച്ചുവെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് ആരോപിച്ചിരുന്നു. കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റെ പ്രാധാന്യം, ഇ എം എസ് നൽകിയ സംഭാവനകൾ എന്നിവ എടുത്ത് പറയുകയായിരുന്നു എംടി എന്ന് റിയാസ് പറഞ്ഞു. എംടിയും മുഖ്യമന്ത്രിയും സന്തോഷത്തോടെ ഏറെ നേരം സംസാരിച്ചു. ഇത് ആണോ മാധ്യമ പ്രവർത്തനമെന്നും റിയാസ് ചോദിച്ചു.

എം.ടിയുടെ വാക്കുകൾ കേന്ദ്ര സർക്കാരിനെ ഉദ്ദേശിച്ചുള്ളതാണെന്നും വിമർശനം കേന്ദ്ര സർക്കാരിന് നേരെയുള്ള കുന്തമുനയാണെന്നും ഇപി ജയരാജൻ പറഞ്ഞിരുന്നു. എം.ടി യുടെ പ്രസംഗം ദുർവ്യാഖ്യാനം ചെയ്യുകയായിരുന്നു. പിണറായി പലർക്കും എന്നത് പോലെ തനിക്കും മഹാനാണ്. മന്നത്ത് പത്മനാഭൻ, ശ്രീ നാരായണ ഗുരു, ഇഎംഎസ്, എകെജി എന്നിവരുടെ ഒക്കെ ചിത്രങ്ങൾ പലരും ആരാധിക്കുന്നുണ്ട്. അത് പോലെ തന്നെയാണ് പിണറായിയോടുള്ള ബഹുമാനമെന്നും ഇപി പറഞ്ഞു.

കോഴിക്കോട് കടപ്പുറത്ത് ഡിസി ബുക്സ് സംഘടിപ്പിക്കുന്ന ഏഴാമത് സാഹിത്യോൽസവത്തിലെ ഉദ്ഘാടന വേദിയിലായിരുന്നു എംടിയുടെ രൂക്ഷവിമർശനങ്ങളുൾപ്പെട്ട പ്രസം​ഗം. അധികാരത്തെയും അധികാരികൾ സൃഷ്ടിക്കുന്ന ആൾക്കൂട്ടത്തെയും അതുവഴി വരുന്ന നേതൃപൂജകളെയും കുറിച്ച് എം ടി രൂക്ഷഭാഷയിലാണ് വിമർശിച്ചത്.

Leave a Reply

Your email address will not be published.