Saturday, April 19, 2025
Sports

സൂപ്പർ മിയാൻ; ബൗളർമാരുടെ ഏകദിന റാങ്കിംഗിൽ മുഹമ്മദ് സിറാജ് ഒന്നാമത്

ബൗലർമാരുടെ ഏകദിന റാങ്കിംഗിൽ ഇന്ത്യൻ താരം മുഹമ്മദ് സിറാജ് ഒന്നാമത്. ഏഷ്യാ കപ്പിലെ ഗംഭീര പ്രകടനങ്ങളാണ് സിറാജിനെ ഒന്നാം സ്ഥാനത്ത് എത്തിച്ചത്. അഞ്ച് മത്സരങ്ങളിൽ നിന്ന് 12.20 ശരാശരിയിൽ 10 വിക്കറ്റുകൾ വീഴ്ത്തിയ സിറാജ് ഇന്ത്യയുടെ കിരീടധാരണത്തിൽ നിർണായക പങ്കാണ് വഹിച്ചത്. ശ്രീലങ്കക്കെതിരായ ഫൈനലിൽ 21 റൺസ് വഴങ്ങി 6 വിക്കറ്റ് പിഴുത താരമായിരുന്നു കളിയിലെ താരം.

9ആം സ്ഥാനത്തുനിന്നാണ് സിറാജിൻ്റെ കുതിപ്പ്. 694 റേറ്റിംഗോടെയാണ് സിറാജ് റാങ്കിംഗിൽ മുന്നിലെത്തിയത്. ഓസീസ് താരം ജൊഷ് ഹേസൽവുഡിനെ താരം രണ്ടാം സ്ഥാനത്തേക്ക് തള്ളി. ഹേസൽവുഡിൻ്റെ റേറ്റിംഗ് 678 ആണ്. 677 റേറ്റിംഗുള്ള കിവീസ് താരം ട്രെൻ്റ് ബോൾട്ടാണ് മൂന്നാമത്. ആദ്യ പത്തിലെ മറ്റൊരു ഇന്ത്യൻ താരം കുൽദീപ് യാദവാണ്. 638 റേറ്റിംഗുമായി കുൽദീപ് 9ആമതാണ്.

റാങ്കിംഗിൽ ഇന്ത്യൻ യുവ ഓപ്പണർ ശുഭ്മൻ ഗിലും വമ്പൻ നേട്ടമുണ്ടാക്കിയിരുന്നു. ഏഷ്യാ കപ്പിലെ പ്രകടന മികവിൽ താരം റാങ്കിംഗിൽ രണ്ടാം സ്ഥാനത്തേക്ക് മുന്നേറി. 814 റേറ്റിംഗോടെയാണ് ഗിൽ പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസമിനു പിന്നിൽ രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. 857 ആണ് അസമിൻ്റെ റേറ്റിംഗ്.

743 റേറ്റിംഗുമായി ദക്ഷിണാഫ്രിക്കയുടെ റസ്സി വാൻ ഡർ ഡസ്സൻ മൂന്നാമതുള്ള പട്ടികയിൽ രണ്ട് ഇന്ത്യൻ താരങ്ങൾ കൂടി ആദ്യ പത്തിലുണ്ട്. 708 റേറ്റിംഗുള്ള വിരാട് കോലി എട്ടാമതും 696 റേറ്റിംഗുള്ള രോഹിത് ശർമ 10ആമതുമാണ്.

Leave a Reply

Your email address will not be published. Required fields are marked *