Friday, January 10, 2025
National

രാജസ്ഥാനിലെ കോൺഗ്രസിന്റെ മുൻ ലോക്സഭാംഗം ജ്യോതി മിർധ ബിജെപിയിൽ ചേർന്നു

രാജസ്ഥാനിലെ കോൺഗ്രസിന്റെ മുൻ ലോക്സഭാംഗം ജ്യോതി മിർധ ബിജെപിയിൽ ചേർന്നു. ജാട്ട് വിഭാഗത്തിൽ നിന്നുള്ള പ്രബല നേതാവാണ് ജ്യോതി മിർധ. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ജ്യോതി മിർധയുടെ പാർട്ടി മാറ്റം എന്നതും ശ്രദ്ധേയമാണ്. സംസ്ഥാന ബിജെപി സംസ്ഥാന അധ്യക്ഷൻ സിപി ജോഷിയുടെ സാന്നിധ്യത്തിലാണ് ജ്യോതി മിർധ ബിജെപിയിൽ ചേർന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തെ അഭിനന്ദിച്ച് ജ്യോതി മിർധ സംസാരിക്കുകയും ചെയ്തു . താൻ ഒരു കോൺഗ്രസ് എംപിയായാണ് തുടങ്ങിയത്. ലോകത്തിന് മുന്നിൽ ഇന്ത്യയുടെ പേര് ഉയർത്തുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർണായക പങ്കാണ് വഹിക്കുന്നത്. അതേസമയം കോൺഗ്രസ് പാർട്ടി അതിന് വിപരീതമാണ് പ്രവർത്തിക്കുന്നത്. എനിക്ക് അവിടെ അവസരങ്ങൾ കുറവായിരുന്നു. രാജസ്ഥാനിൽ തൊഴിലാളികൾ അവഗണിക്കപ്പെടുകയാണ്. ക്രമസമാധാന നില മോശമാണ്, പാർട്ടിയെ ശക്തിപ്പെടുത്താനും രാഷ്ട്രനിർമ്മാണത്തിന് സംഭാവന നൽകാനുമാണ് താൻ ബിജെപിയിൽ ചേർന്നതെന്നും അവർ വ്യക്തമാക്കി.

അതേസമയം, മധ്യപ്രദേശിൽ ബി.ജെ.പി മുൻ എം.എൽ.എ കോൺഗ്രസിൽ ചേർന്നു. നർമ്മദാപുരം ജില്ലയിൽ നിന്ന് രണ്ട് തവണ എം.എൽ.എയായ ഗിരിജ ശങ്കർ ശർമ്മയാണ് കോൺഗ്രസിൽ ചേർന്നത്. ഇദ്ദേഹത്തോടൊപ്പം ബിജെപിയുടെ പ്രാദേശിക നേതാവ് ഭക്തി തിവാരിയടക്കം നിരവധി പേര്‍ കോൺഗ്രസിൽ ചേർന്നിട്ടുണ്ട്.

പതിറ്റാണ്ടുകളായി ബി.ജെ.പി അനുഭാവ കുടുംബമാണ് ശർമ്മയുടേത്. 2003 ലും 2008 ലുമാണ് ഹൊഷംഗബാദ് എം.എൽ.എയായത്. ശർമ്മ ഒമ്പത് ദിവസം മുമ്പ് ബിജെപിയിൽ നിന്ന് രാജിവച്ചിരുന്നു. ഇദ്ദേഹത്തിന്റെ ഇളയ സഹോദരൻ സീതാശരൺ ശർമ മധ്യപ്രദേശ് നിയമസഭാ സ്പീക്കറാണ്. സീതാശരൺ ശർമ ഹോഷംഗാബാദ് മണ്ഡലത്തിൽ നിന്ന് അഞ്ചുതവണ ബി.ജെ.പി ടിക്കറ്റിൽ എം.എൽ.എയായിട്ടുണ്ട്. ഈ വർഷം അവസാനം മധ്യപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ് കോൺഗ്രസിലേക്കുള്ള കൂടുമാറ്റം. മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ കമൽനാഥാണ് ഗിരിജ ശങ്കർ ശർമ്മക്ക് പാർട്ടി അംഗത്വം നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *