പുതുപ്പള്ളിയില്‍ അടവുകള്‍ പിഴച്ച സിപിഐഎം; വോട്ടുചോര്‍ച്ചയ്ക്ക് ഉത്തരം കണ്ടെത്തുക വെല്ലുവിളി
പുതുപ്പള്ളിയില്‍ റെക്കോര്‍ഡ് ഭൂരിപക്ഷം നേടിയുള്ള ചാണ്ടി ഉമ്മന്റെ വിജയം പിടിച്ചുലക്കാന്‍ പോകുന്നത് സിപിഐഎമ്മിനെ ആയിരിക്കും. സഹതാപവും ബിജെപി വോട്ടുകളും മാത്രം കാരണമാക്കി പിടിച്ചുനില്‍ക്കുക എളുപ്പമാകില്ല. സ്വന്തം പാളയത്തില്‍ നിന്നുള്ള വോട്ടുചോര്‍ച്ചക്ക് ഉത്തരം കണ്ടെത്തുകയായിരിക്കും സിപിഐഎം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. മുഖ്യമന്ത്രിയുടെ നിലപാടുകള്‍ മുതല്‍ വ്യക്തിഹത്യ വരെ യുഡിഎഫ് വിജയത്തിന് ഇന്ധനമായിട്ടുണ്ടെന്ന വസ്തുത കണ്ടില്ലെന്നു നടിക്കാനാവില്ല.
പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയോടുള്ള സഹതാപം യുഡിഎഫ് വിജയത്തിന് ഒരു കാരണം തന്നെയാണ്. എന്നാല്‍ അതു മറികടക്കാന്‍ സിപിഐഎം നടത്തിയ അടവുകളെല്ലാം പിഴച്ചെന്നാണ് ചാണ്ടി ഉമ്മന്റെ ഉജ്വല വിജയം അടിവരയിടുന്നത്. രാഷ്ട്രീയം ചര്‍ച്ചയായില്ലെന്നാണ് സിപിഐഎം നേതാക്കളുടെ വാദം. എന്നാല്‍ രണ്ടാം പിണറായി സര്‍ക്കാരിന്റെ വിലയിരുത്തല്‍ കൂടിയായിരുന്നു പുതുപ്പള്ളി തെരഞ്ഞെടുപ്പ്.