കാര്‍ മറിഞ്ഞ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ വീണ്ടും മലക്കം മറിഞ്ഞ് പൊലീസ്; മൂന്ന് പേരെ സ്ഥലംമാറ്റി
കാസര്‍ഗോഡ് കുമ്പളയില്‍ പൊലീസ് പിന്തുടരുന്നതിനിടെ കാര്‍ മറിഞ്ഞ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ വീണ്ടും മലക്കം മറിഞ്ഞ് പൊലീസ്. ആരോപണവിധേയരായ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി ഉത്തരവിറക്കി. വിദ്യാര്‍ത്ഥിയുടെ കുടുംബം സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് എസ്.ഐ രജിത്ത് ഉള്‍പ്പടെ മൂന്ന് പേരെ സ്ഥലം മാറ്റി ഉത്തരവിറക്കിയത്.
ആരോപണ വിധേയരായ ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള നടപടിയില്‍ പൊലീസ് ഒളിച്ചുകളി തുടര്‍ന്നതോടെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. പൊലീസിനെതിരെ മരിച്ച ഫര്‍ഹാസിന്റെ കുടുംബം രംഗത്തെത്തി. പൊലീസിന്റെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും സിബിഐ അന്വേഷണത്തിനായി കോടതിയെ സമീപിക്കുമെന്നും വ്യക്തമാക്കി. ഇതോടെയാണ് മുങ്ങിപോയ സ്ഥലം മാറ്റ നടപടി ഇന്നലെ വൈകിട്ട് ഉത്തരവായി പുറത്തിറങ്ങിയത്.
എസ്.ഐ രജിത്ത് ഉള്‍പ്പെടെ മൂന്ന് പേര്‍ക്കും കാഞ്ഞങ്ങാട് കണ്‍ട്രോള്‍ റൂമിലേക്കാണ് മാറ്റം. ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചാല്‍ തുടര്‍ നടപടിയുണ്ടാകുമെന്നാണ് പൊലീസിന്റെ വിശദീകരണം. അതേസമയം ആരോപണ വിധേയരായ പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. ഇവര്‍ക്കെതിരെ കേസെടുക്കും വരെ പ്രതിഷേധം തുടരാനാണ് മുസ്ലിം ലീഗിന്റെ തീരുമാനം.