ജീവനക്കാരിയെ പിരിച്ചുവിട്ടത് ഉമ്മൻചാണ്ടിയെ കുറിച്ച് പറഞ്ഞതിനാൽ തന്നെ: ആക്ഷേപത്തിലുറച്ച് വിഡി സതീശൻ
കോട്ടയം: താത്കാലിക ജീവനക്കാരിയെ സർവീസിൽ നിന്ന് പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട വിവാദത്തിൽ ആക്ഷേപത്തിലുറച്ച് യുഡിഎഫ്. ഉമ്മൻചാണ്ടിയെ കുറിച്ച് പറഞ്ഞതിന് പിന്നാലെയാണ് അവരെ പിരിച്ചുവിട്ടതെന്ന് വ്യക്തമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ വിമർശിച്ചു. ഇടതുപക്ഷം പറയുന്നത് സാങ്കേതികത്വമാണ്. എന്നാൽ തങ്ങൾ പറയുന്നത് മനുഷ്യത്വമാണ്.
ഇന്നലെ വരെ അവിടെ ജോലി ചെയ്തിരുന്നയാളാണ് സതിദേവി. അവർക്ക് 8,000 രൂപ വരുമാനം ഉണ്ടായിരുന്നു. ആ വരുമാനം നിലച്ചുപോയി. അവരെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടെന്നത് യാഥാർത്ഥ്യമാണ്. അത് ഉമ്മൻ ചാണ്ടിയെ കുറിച്ച് സംസാരിച്ചതിന് ശേഷവുമാണ്. അത് പിന്നെയെങ്ങനെ രാഷ്ട്രീയ ഗൂഢാലോചനയാകും? ജോലി ചെയ്യാത്തയാളെ പിരിച്ചുവിടാൻ കഴിയുമോയെന്നും വി ഡി സതീശൻ ചോദിച്ചു.