15000 രൂപ നൽകി വാങ്ങി; നായ ആണെന്ന് കരുതി കുറുക്കനെ വളർത്തി യുവതി
വളർത്തുമൃഗങ്ങളെ ഓമനിക്കാൻ ഇഷ്ടപ്പെടുന്നവരാണ് മിക്കവരും. എന്നാൽ വളർത്തുമൃഗത്തിനെ മാറിപോകുന്നത് വളരെ അപൂർവമാണ്. നായക്കുട്ടിയാണെന്ന് കരുതി വാങ്ങിയത് കുറുക്കൻ കുഞ്ഞിനെ. ചൈനയിലെ ഷാൻസി മേഖലയിൽ ജിൻഷോങ്ങിലാണ് സംഭവം. 15000 രൂപ കൊടുത്ത് വാങ് എന്ന യുവതിയാണ് കുറുക്കനെ വാങ്ങിയത്. ജാപ്പനീസ് സ്പിറ്റ്സ് എന്നയിനം നായ ആണെന്ന് കരുതിയാണ് വാങ്ങിയത്. എന്നാൽ വളർത്തുമൃഗത്തിന്റെ സ്വഭാവരീതികളിൽ സംശയം തോന്നിയ ഇവർ മൃഗശാല അധികൃതരെ സമീപിക്കുകയായിരുന്നു.
ജാപ്പനീസ് സ്പിറ്റ്സ് ആണെന്ന് പറഞ്ഞാണ് കടക്കാരൻ നായയെ വിറ്റത്. എന്നാൽ നാല് മാസം കഴിഞ്ഞിട്ടും നായ കുരയ്ക്കുന്നില്ല. മാത്രവുമല്ല നായകളുടെ ശരീരത്തിൽ കാണുന്നതിനേക്കാൾ കട്ടിയുള്ള രോമങ്ങളും ഇതിനുണ്ട്. വാലിനാണെങ്കിൽ അസാധാരണ നീളവും. പതിയെ ഡോഗ് ഫുഡും കഴിക്കാതെയായതോടെ വാങ്ങിന് സംശയം വർധിച്ചു. തുടർന്ന് മൃഗശാല ജീവനക്കാരനോട് കാര്യം പറഞ്ഞപ്പോഴാണ് നായയല്ല കുറുക്കനാണെന്ന് ഇതെന്ന് വാങിന് മനസ്സിലായത്.
അവനെ മൃഗശാല അധികൃതർക്ക് കൈമാറിയെങ്കിലും നാല് മാസത്തോളം വളർത്തിയ തന്റെ അരുമയെ കാണാതിരിക്കാൻ സാധിക്കാത്തതുകൊണ്ട് വാങ് എന്നും മൃഗശാലയിലേക്ക് പോകുന്നുണ്ട്.