ശസ്ത്രക്രിയക്കിടെ വയറ്റില്‍ ഉപകരണം കുടുങ്ങിയ കേസ്; ഡോക്ടറേയും നേഴ്സിനേയുമടക്കം അറസ്റ്റ് ചെയ്യാൻ സാധ്യത
കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ ശസ്ത്രക്രിയാ ഉപകരണം കുടുങ്ങിയ കേസില്‍ തുടർനടപടികള്‍ വേഗത്തിലാക്കാന്‍ അന്വേഷണ സംഘത്തിന്റെ തീരുമാനം. ഹര്‍ഷിനയെ പ്രസവശസത്രക്രിയക്ക് വിധേയമാക്കിയ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രണ്ട് ഡോക്ടര്‍മാര്‍, നേഴ്സുമാര്‍ എന്നിവരെ അറസ്റ്റ് ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കാനാണ് ആലോചന.
നിയമവിദഗ്ധരുടെ കൂടി അഭിപ്രായം തേടിയിട്ടാകും നടപടി. എം ആര്‍ ഐ സ്കാനിംഗ് മെഷ്യന്‍ കമ്പനി പ്രതിനിധികളുടെ മൊഴിയെടുക്കാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. രണ്ടാമത്തെ ശസ്ത്രക്രിയക്ക് ശേഷം ഹര്‍ഷിന കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ സ്കാനിംഗിൽ ശരീരത്തില്‍ ലോഹത്തിന്‍റെ സാന്നിധ്യം ഉണ്ടായിരുന്നില്ല.