വിഷാംശമടങ്ങിയ മിഠായി കഴിച്ചു; യുപിയിൽ മരണപ്പെട്ട കുട്ടികളുടെ എണ്ണം മൂന്നായി
ഉത്തർ പ്രദേശിൽ വിഷാംശമടങ്ങിയ മിഠായി കഴിച്ചതിനെ തുടർന്ന് മരണപ്പെട്ട കുട്ടികളുടെ എണ്ണം മൂന്നായി. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ചയാണ് മൂന്നാമത്തെ കുട്ടിയായ ഏഴ് വയസുകാരി മരണപ്പെട്ടത്. മിഠായി കഴിച്ച് സാധന (7), ശാലിനി (4) എന്നീ സഹോദരിമാർ വ്യാഴാഴ്ച മരണപ്പെട്ടിരുന്നു. വർഷ (7), ആരുഷി (4) എന്നീ രണ്ട് കുട്ടികൾ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ആരുഷിയുടെ നില ഗുരുതരമാണ്.
അയൽക്കാരനായ ശിവ് ശങ്കർ എന്നയാളാണ് കുട്ടികൾക്ക് വിഷാംശം അടങ്ങിയ മിഠായി നൽകിയത്. മരിച്ച കുട്ടികളുടെ പിതാവിനോട് ഇയാൾക്ക് ശത്രുത ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. പ്രതികാരത്തിനായി മിഠായിയിൽ ഇയാൾ വിഷം വച്ച് നൽകുകയായിരുന്നു. സംഭവത്തിൽ ഇയാൾ കസ്റ്റഡിയിലാണ്.