‘കേന്ദ്ര ധനമന്ത്രിയെ കാണാന്‍ എംപിമാര്‍ വന്നില്ല എന്ന ആക്ഷേപം ഉന്നയിച്ചിട്ടില്ല; നിവേദനത്തില്‍ ഒപ്പിട്ടില്ല എന്നതായിരുന്നു പ്രശ്‌നം’; ധനമന്ത്രി
യുഡിഎഫ് എംപിമാര്‍ കേന്ദ്ര ധനകാര്യ മന്ത്രിയെ കാണാന്‍ വന്നില്ലെന്ന ആക്ഷേപം ഒരിടത്തും ഉന്നയിച്ചിട്ടില്ലെന്ന് മന്ത്രി കെഎന്‍ ബാലഗോപാല്‍. പ്രതിപക്ഷനേതാവും യുഡിഎഫ് നേതാക്കളും നടത്തിയ പ്രതികരണം തെറ്റിദ്ധാരണാജനകമാണെന്ന് മന്ത്രി പറഞ്ഞു. ഉന്നയിക്കാത്ത വിഷയത്തിന് മറുപടി പറഞ്ഞ് പ്രതിപക്ഷം വിഷയം മാറ്റാന്‍ ശ്രമിക്കുന്നു. എംപിമാരുടെ നിവേദനത്തില്‍ ഒപ്പിടാനോ നിവേദക സംഘത്തിന്റെ ഭാഗമാകാനോ യുഡിഎഫ് എംപിമാര്‍ തയ്യാറായില്ല എന്നതായിരുന്നു ഉന്നയിച്ച പ്രശ്‌നമെന്ന് ധനമന്ത്രി വ്യക്തമാക്കി.
കേരളത്തിന്റെ പൊതുവായ താല്പര്യമുയര്‍ത്തിപ്പിടിച്ച് കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി അര്‍ഹമായ സാമ്പത്തിക വിഹിതം നേടിയെടുക്കണം എന്ന പൊതു തീരുമാനത്തില്‍ നിന്ന് യുഡിഎഫ് എംപിമാര്‍ പിന്മാറിയത് അങ്ങേയറ്റം ദുഃഖകരവും പ്രതിഷേധാര്‍ഹവുമാണെന്ന് ആവര്‍ത്തിക്കുന്നതായി മന്ത്രി വ്യക്തമാക്കി.
ബിജെപി സര്‍ക്കാരിനെ വിമര്‍ശിക്കുമ്പോള്‍ പ്രതിപക്ഷനേതാവ് അസ്വസ്ഥനാകുന്നത് എന്തിനെന്നും കേന്ദ്രത്തെ കുറ്റപ്പെടുത്താതെ പ്രതിപക്ഷനേതാവ് സംസ്ഥാനത്തെ കുറ്റപ്പെടുത്തുന്നത് എന്ത് വസ്തുതയുടെ അടിസ്ഥാനത്തിലാണെന്നും മന്ത്രി ചോദിച്ചു.
കേരളത്തിന്റെ തനത് വരുമാനത്തില്‍ രണ്ടുവര്‍ഷംകൊണ്ട് ഇരുപത്തിനാലായിരം കോടി രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്. 2021 ല്‍ 47000 കോടി രൂപയായിരുന്ന തനത് വരുമാനം 2023 ല്‍ 71000 കോടി രൂപയായി ഉയര്‍ന്നു. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തനത് നികുതി വരുമാനവും വാര്‍ഷിക വരുമാന വര്‍ദ്ധനവുമാണ് ഈ വര്‍ഷം ഉണ്ടായിട്ടുള്ളത്. നിയമസഭയില്‍ സമര്‍പ്പിച്ചിട്ടുള്ള ഈ കണക്കുകള്‍ അറിയുന്ന പ്രതിപക്ഷ നേതാവ് സംസ്ഥാനത്തിന്റെ സാമ്പത്തിക താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടി ഒരുമിച്ച് നില്‍ക്കാന്‍ തയ്യാറാകുകയാണ് വേണ്ടതെന്ന് മന്ത്രി ആവശ്യപ്പെട്ടു.