സംസ്ഥാനത്ത് കെട്ടിടനിര്‍മാണ ചട്ടങ്ങള്‍ ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചു
തിരുവനന്തപുരം: കേരള മുനിസിപ്പാലിറ്റി കെട്ടിട നിര്‍മാണ ചട്ടവും (2019) കേരള പഞ്ചായത്ത് കെട്ടിടനിര്‍മാണ ചട്ടവും (2019) ഭേദഗതി ചെയ്യുന്നതിനുള്ള കരട് നിര്‍ദേശങ്ങള്‍ മന്ത്രിസഭ അംഗീകരിച്ചു. 2019ല്‍ അംഗീകരിച്ച ചട്ടങ്ങളില്‍ ചിലതു സംബന്ധിച്ച് നിര്‍മാണ മേഖലയിലെ വിവിധ സംഘടനകള്‍ സര്‍ക്കാരിന് പരാതി നല്‍കിയിരുന്നു. ഈ പരാതികള്‍ പരിശോധിച്ചാണ് ചില മാറ്റങ്ങള്‍ തീരുമാനിച്ചത്.
18,000 ചതുരശ്രമീറ്ററില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഓഫിസ്, ഓഡിറ്റോറിയം തുടങ്ങിയ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന കെട്ടിടങ്ങള്‍ക്ക് റോഡിന്റെ വീതി പത്തു മീറ്റര്‍ വേണമെന്ന വ്യവസ്ഥ മാറ്റി എട്ട് മീറ്ററായി കുറയ്ക്കുന്നതാണ് ഭേദഗതികളില്‍ ഒന്ന്.
ഫ്‌ളോര്‍ ഏരിയ റേഷ്യോ കണക്കാക്കുന്നതിന് പഴയ രീതിയിലുള്ള ഫോര്‍മുല തന്നെ ഉപയോഗിക്കാന്‍ ഈ ഭേദഗതി വ്യവസ്ഥ ചെയ്യുന്നു. നേരത്തെയുള്ള ചട്ടങ്ങള്‍ പ്രകാരം ഫ്‌ളോര്‍ ഏരിയ റേഷ്യോ കണക്കാക്കുന്നത് ഫ്‌ളോര്‍ ഏരിയയുടെ അടിസ്ഥാനത്തിലായിരുന്നു. 2019ല്‍ വരുത്തിയ ഭേദഗതി പ്രകാരം അത് ബില്‍ട്ടപ്പ് ഏരിയയുടെ അടിസ്ഥാനത്തിലാക്കി മാറ്റി. ഇത് കാരണം നിര്‍മിക്കാവുന്ന ഫ്‌ളോര്‍ ഏരിയ കുറഞ്ഞതായി നിര്‍മാണ മേഖലയിലുള്ളവര്‍ പരാതിപ്പെട്ടിരുന്നു. ഇത് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പഴയ ഫോര്‍മുല തന്നെ ഉപയോഗിക്കാന്‍ തീരുമാനിച്ചത്.