സംസ്ഥാന നേതൃത്വം തെറ്റ് ചെയ്താൽ ഇനിയും ചൂണ്ടിക്കാട്ടും, തെറ്റ് ചെയ്യില്ലെന്നാണ് പ്രതീക്ഷ: ശോഭ സുരേന്ദ്രന്‍
തിരുവനന്തപുരം: സംസ്ഥാന നേതൃത്വം തെറ്റ് ചെയ്താൽ ഇനിയും ചൂണ്ടിക്കാട്ടുമെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. നേതൃത്വം തെറ്റ് ചെയ്യില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. താൻ പറഞ്ഞതൊന്നും തനിക്ക് വേണ്ടിയല്ലെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. തനിക്കെതിരെ ആരും പരാതി നൽകിയിട്ടില്ലെന്നും ശോഭ സുരേന്ദ്രൻ വെളിപ്പെടുത്തി. ഗണപതിയെ കുറിച്ചു ഷംസീർ പറഞ്ഞത് അബദ്ധമല്ലെന്നും പറഞ്ഞത് മനഃപൂർവമാണെന്നും ശോഭ സുരേന്ദ്രൻ മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.
ഹിന്ദു മുസ്ലിം പ്രശ്നം ഉണ്ടാക്കാനായിരുന്നു ശ്രമം. അങ്ങനെ പ്രശ്നം ഉണ്ടാകുന്ന സ്ഥലമല്ല കേരളം. മുസ്ലിം വിഭാഗത്തിന്റെ കുത്തക ഏറ്റെടുക്കാൻ ആയിരുന്നു ഷംസീറിന്റെ ശ്രമം. ഒരു മുസ്ലിം പണ്ഡിതൻ പോലും ഗണപതി മിത്ത് ആണെന്ന് പറഞ്ഞിട്ടില്ല. ശബരിമല പ്രക്ഷോഭ കാലത്തും മുസ്ലിം പണ്ഡിതർ വിശ്വാസികൾക്കൊപ്പം ആയിരുന്നു. സിപിഎമ്മുകർ വിശ്വാസം ഉള്ളവരല്ല. അമ്പലത്തിൽ വിശ്വാസമില്ലെങ്കിൽ ദേവസ്വം ബോർഡുകൾ പിരിച്ചു വിടണമന്നും ശോഭ സുരേന്ദ്രൻ പ്രതികരിച്ചു.
നേതൃത്വത്തിനെതിരെ വിമർശനവുമായി ഇതിന് മുമ്പും ശോഭ സുരേന്ദ്രൻ രംഗത്തെത്തിയിരുന്നു. തന്നെ ഊര് വിലക്കാന്‍ നട്ടെല്ലുള്ള ഒരു രാഷ്ട്രീയക്കാരന്നും കേരളത്തിലില്ല എന്നായിരുന്നു ശോഭ സുരേന്ദ്രന്‍റെ വാക്കുകള്‍. എഐ ക്യാമറാ പദ്ധതിയിലെ തട്ടിപ്പുകൾ മനസിലാക്കി ആദ്യം തന്നെ പിന്മാറിയ ലൈറ്റ് മാസ്റ്റർ ലൈറ്റിങ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ചെയർമാൻ ജെയിംസ് പാലമുറ്റം അടക്കമുള്ളവർ ഭീഷണി നേരിടുന്നതായും ശോഭാ സുരേന്ദ്രൻ വെളിപ്പെടുത്തിയിരുന്നു. ജെയിംസ് പാലമുറ്റം തന്നെ വന്നു കണ്ടിരുന്നു. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട മാഫിയ സംഘം പല വ്യവസായികളെയും ഭീഷണിപ്പെടുത്തുകയാണ്. ഇക്കാര്യങ്ങൾ മനസിലാക്കി ദേശീയ ഏജൻസികൾ ഇടപെടണമെന്നും ശോഭ തൃശൂരിൽ പറഞ്ഞിരുന്നു.
എ ഐ ക്യാമറയിൽ വലിയ ഗൂഢാലോചന നടത്തിയെന്നും പിണറായിയുടെ വീട്ടിലേക്ക് കോടികൾ കൊണ്ടുപോകാനുള്ള ശ്രമമാണ് നടന്നതെന്നും ശോഭ സുരേന്ദ്രൻ ആരോപിച്ചിരുന്നു. രാജ്യത്തോടുള്ള ഉത്തരവാദിത്തം ഇഡി ഉൾപ്പടെയുള്ളവർ നിറവേറ്റണം. ജനങ്ങൾക്ക് വേണ്ടി ദേശീയ ഏജൻസി പ്രവർത്തിക്കണം. വീണയ്ക്കും വിവേകിനും വിവേകിന്റെ അമ്മായപ്പനും പിണറായിയുടെ ഭാര്യക്കും മാത്രം കേരളത്തിൽ ജീവിച്ചാൽ പോരാ എന്നും ശോഭ സുരേന്ദ്രൻ രൂക്ഷഭാഷയിൽ വിമർശിച്ചിരുന്നു.