ഗണപതി എന്റെ ദൈവമാണ്, എസ്എൻഡിപി എല്ലാകാലത്തും വിശ്വാസികൾക്കൊപ്പം; തുഷാർ വെള്ളാപ്പള്ളി
ഹിന്ദുക്കൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങൾ അംഗീകരിക്കാൻ സാധിക്കില്ലെന്ന് എസ്എൻഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി. ഇവിടെ ഒരു വിഭാഗത്തെ മാത്രം കേന്ദ്രീകരിച്ച് നടക്കുന്ന ആക്രമണം അംഗീകരിച്ച് നൽകില്ല. എല്ലാ കാലത്തും എസ്എൻഡിപി വിശ്വാസികൾക്കൊപ്പമാണ് നിന്നിട്ടുള്ളത്. അത് തുടരുമെന്നും തുഷാർ പറഞ്ഞു.
എൻഎസ്എസ് ആസ്ഥാനമായ പെരുന്നയിൽ എത്തിയപ്പോൾ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഹിന്ദുവിരുദ്ധ പരാമർശത്തിൽ സ്പീക്കർ ഷംസീറിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് എസ്എൻഡിപി യോഗം വൈസ് പ്രസിഡന്റിന്റെ പ്രതികരണം.
ഇവിടെ ആരെയും കത്തിക്കണമെന്നോ കൊല്ലുമെന്നോ എൻഎസ്എസും എസ്എൻഡിപിയും പറയില്ല. ഗണപതി എന്റെ ദൈവമാണ്. ആ ദൈവത്തെ കുറിച്ച് ആരും മോശം പറയേണ്ട കാര്യമില്ല. ഇവിടെ ഹിന്ദുക്കൾ നബിയെയോ യേശുദേവനെയോ പരിഹസിക്കുന്നില്ല. മിത്താണെന്ന് പറയാനുള്ള വ്യാഖ്യാനങ്ങൾ ആ മതങ്ങളിലുമുണ്ട്. എന്നാൽ അത്തരത്തിൽ അധിക്ഷേപിക്കുന്ന പരാമർശങ്ങൾ എവിടെയെങ്കിലും ഉയരുന്നുണ്ടോയെന്നും തുഷാർ ചോദിച്ചു.