യുവതിയെ ഭർത്താവും അമ്മായിയപ്പനും ബലാത്സംഗം ചെയ്ത ശേഷം ചുട്ടുകൊന്നു
ഉത്തർപ്രദേശിൽ സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ ചുട്ടുകൊന്നു. 22 കാരിയെ ഭർത്താവും അമ്മായിയപ്പനും ചേർന്ന് ബലാത്സംഗം ചെയ്ത ശേഷം തീകൊളുത്തുകയായിരുന്നുവെന്ന് പൊലീസ്. പ്രതികളായ ശങ്കർ ദയാൽ ചൗബേയെയും മകൻ ആനന്ദ് ചൗബേയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
50,000 രൂപയും ഒരു സ്വർണ്ണ ചെയിനും സ്ത്രീധനമായി ആവശ്യപ്പെട്ട് ഭർത്താവിന്റെ കുടുംബം യുവതിയെ സ്ഥിരമായി പീഡിപ്പിക്കാറുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ജൂൺ 25 ന് സ്ത്രീധനത്തെച്ചൊല്ലി വീണ്ടും വഴക്കുണ്ടായി. തർക്കം രൂക്ഷമായതോടെ ഭർത്താവും അമ്മായിയപ്പനും ചേർന്ന് യുവതിയെ ബലാത്സംഗം ചെയ്യുകയും ശേഷം എണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.
ഗുരുതരമായി പൊള്ളലേറ്റ യുവതി ചികിത്സയിലിരിക്കെ ജൂലൈ മൂന്നിന് മരിച്ചു. മരിക്കുന്നതിന് മുമ്പ് പെൺകുട്ടി മജിസ്‌ട്രേറ്റിന് മുമ്പാകെ മൊഴി രേഖപ്പെടുത്തി. ഭർത്താവിൻ്റെ പിതാവാണ് തന്നെ ആദ്യം പീഡിപ്പിച്ചതെന്ന് യുവതി ആരോപിച്ചു. പ്രതികൾക്കെതിരെ ബൈരിയ പൊലീസ് സ്റ്റേഷനിൽ ഐപിസി വകുപ്പുകൾ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇരുവരെയും അറസ്റ്റ് ചെയ്തതായും കേസ് അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.