Friday, January 10, 2025
Kerala

‘കൊലവിളിക്കാർക്കെതിരെ ഉടനടി കേസെടുക്കണം’; കെ സുധാകരൻ

നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ വിവാദ പ്രസ്താവനയെ തുടര്‍ന്ന് സിപിഐഎമ്മിന്റെയും ബിജെപിയുടെയും നേതാക്കള്‍ നടത്തുന്ന കൊലവിളിയില്‍ കേസെടുക്കാന്‍ നിര്‍ദേശിക്കാത്ത മുഖ്യമന്ത്രി സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ കുടപിടിക്കുന്നെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ എംപി. മൈക്ക് നിലവിളിച്ചാല്‍ പോലും കേസെടുക്കുന്ന പിണറായിയുടെ പൊലീസാണ് നാടിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന പ്രകോപനപരമായ പ്രസ്താവനകളെ കണ്ടില്ലെന്നു നടിക്കുന്നതെന്നും വിമർശനം.

ബ്രഹ്‌മപുരം മാലിന്യപ്രശ്നവുമായി ബന്ധപ്പെട്ട ജനകീയ പ്രശ്‌നത്തില്‍ സംസാരിച്ചതിന് തന്റെ പേരില്‍ കലാപാഹ്വാനത്തിന് കേസെടുത്തവരാണ് ഇപ്പോള്‍ മൗനംഭജിക്കുന്നത്. കണ്ണൂരില്‍ വീണ്ടും കൊലപാതക പരമ്പര സൃഷ്ടിക്കാനുള്ള ആസൂത്രിത നീക്കമാണോ നേതാക്കളുടെ കൊലവിളിക്ക് പിന്നിലെന്ന് സംശയിക്കുന്നു. രക്തസാക്ഷികളെയും ബലിദാനികളെയും സൃഷ്ടിച്ച് രാഷ്ട്രീയനേട്ടം കൊയ്യാനുള്ള ഗൂഢനീക്കവും സിപിഎം-ബിജെപി അച്ചുതണ്ടിനുണ്ട്. അണികളെ ബലിനല്‍കി വളര്‍ന്ന പ്രസ്ഥാനങ്ങളാണിവയെന്നും സുധാകരൻ കുറ്റപ്പെടുത്തി.

ഇവരെ നിലയ്ക്ക് നിര്‍ത്താന്‍ പൊലീസിന് കഴിയുന്നില്ലെങ്കില്‍ കാക്കിയും ലാത്തിയും ഉപേക്ഷിക്കുന്നതാണ് നല്ലത്. നിയമസംവിധാനങ്ങളെ വെല്ലുവിളിക്കാന്‍ ഇവര്‍ക്ക് ധൈര്യം നല്‍കുന്ന ഭരണമാണ് കേരളത്തില്‍ ഇപ്പോഴുള്ളത്. മതപരമായ ആചാരങ്ങളും വിശ്വാസങ്ങളും രാഷ്ട്രീയ വിഷയമായി ഉയര്‍ത്തിക്കൊണ്ടുവരുന്നവരുടെ ലക്ഷ്യം നാടിനെ വിഭജിപ്പിച്ച് ജനങ്ങളെ തമ്മില്‍ത്തല്ലിച്ച് കലാപം സൃഷ്ടിക്കുക എന്നത് മാത്രമാണെന്നും സുധാകരന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *