Friday, January 10, 2025
Kerala

മന്ത്രി ബിന്ദുവിന്റെ വാദം പൊളിയുന്നു; പ്രിന്‍സിപ്പല്‍ പദവി വഹിച്ചിരുന്ന തെളിവുകള്‍ പുറത്ത്

തൃശൂര്‍ കേരള വര്‍മ കോളജില്‍ പ്രിന്‍സിപ്പല്‍ പദവി വഹിച്ചിരുന്നില്ലെന്ന മന്ത്രി ഡോ.ആര്‍ ബിന്ദുവിന്റെ വാദം പൊളിയുന്നു. കോളജിലെ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് പദവി മന്ത്രി വഹിച്ചതിന്റെ തെളിവുകള്‍ ട്വന്റിഫോര്‍ പുറത്തുവിട്ടു. കോളജിലെ ബോര്‍ഡില്‍ പ്രിന്‍സിപ്പല്‍ പദവി വഹിച്ചവരുടെ പട്ടികയില്‍ ഡോ ബിന്ദുവുമുണ്ട്. 2020 നവംബര്‍ 13 മുതല്‍ 2021 മാര്‍ച്ച് പത്ത് വരെയാണ് പ്രിന്‍സിപ്പലിന്റെ ചുമതലയില്‍ ബിന്ദു ഉണ്ടായിരുന്നത്.

കോളജിലെ താത്ക്കാലിക പ്രിന്‍സിപ്പല്‍ ചുമതല വഹിച്ചിട്ടില്ലെന്നും വൈസ് പ്രിന്‍സിപ്പല്‍ ആയിരുന്നെന്നുമാണ് മന്ത്രി ഇന്ന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. കുറേ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ സൂപ്പര്‍ വിഷന്‍ എന്നതിനപ്പുറം മറ്റൊരു ചുമതലയും തനിക്കില്ലെന്നും ബിന്ദു പറഞ്ഞിരുന്നു.

പ്രിന്‍സിപ്പല്‍ നിയമനത്തില്‍ ഇടപെട്ടെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് ഡോ. ആര്‍ ബിന്ദു പ്രതികരിച്ചു. യുജിസി ചട്ടം പരിഗണിച്ച് സീനിയോറിറ്റി അനുസരിച്ചാകും നിയമനം. യുജിസി ചട്ടം ലംഘിക്കുന്നതിന് സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായിട്ടില്ല. 43 പേരുടെ പട്ടിക തയ്യാറാക്കിയത് സെലക്ഷന്‍ കമ്മിറ്റിയെന്നും മന്ത്രി ബിന്ദു പറഞ്ഞു.

പ്രിന്‍സിപ്പല്‍മാരുടെ നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനോ മന്ത്രിക്കോ പ്രത്യേക താത്പര്യമില്ല. അന്തിമ പട്ടിക തയ്യാറായിട്ടില്ല. കോടതി വിധി പരിഗണിച്ചാകും അന്തിമ പട്ടിക തയ്യാറാക്കുക. പരാതിക്കിടയാകാത്ത രീതിയില്‍ നിയമനം നടത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. നീതിനിഷേധം ഉണ്ടാകാതിരിക്കാനാണ് ഇടപെട്ടത് എന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *