പനാമ കള്ളപ്പണ നിക്ഷേപം: മലയായി ചാർട്ടേർഡ് അക്കൗണ്ടന്റിനെതിരെ നടപടിയുമായി ഇഡി
പനാമ കള്ളപ്പണ നിക്ഷേപക്കേസിൽ ഇഡി ലുക്ക് ഔട്ട് നോട്ടീസ് പ്രകാരം മലയാളി ചാർട്ടേഡ് അക്കൗണ്ടന്റ് ജോർജ്ജ് മാത്യുവിനെയും കുടുംബത്തെയും നെടുമ്പാശേരി വിമാനത്താവളത്തിൽ തടഞ്ഞു. എമിഗ്രേഷൻ വിഭാഗമാണ് ഇവരെ തടഞ്ഞത്. ജോർജ് മാത്യുവിന്റെ മകൻ അഭിഷേകിനെ ഇഡി ചോദ്യം ചെയ്തു. കേസിൽ ഹാജരാകൻ ജോർജ് മാത്യുവിനും ഇഡി നോട്ടീസ് അയച്ചു.
ദുബായിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ജോർജ് മാത്യുവിനെയും കുടുംബത്തെയും എമിഗ്രേഷൻ വിഭാഗം തടഞ്ഞത്. കേരളത്തിലെത്തിയ ശേഷം മടങ്ങാനുള്ള ശ്രമത്തിലായിരുന്നു ഇവർ. കഴിഞ്ഞ ദിവസം ജോര്‍ജ്ജ് മാത്യുവിന്റെ മകന്‍ അഭിഷേകിനെ ഇഡി കൊച്ചി യൂണിറ്റ് ചോദ്യം ചെയ്തിരുന്നു. പാനമ രേഖകളിൽ പരാമർശിക്കുന്ന ‘മോസാക്ക് ഫൊൻസേക്ക’ എന്ന സ്ഥാപനത്തിന്റെ വിദേശ ഇടപാടുകൾ മാത്യു ജോർജിന്റെ പേരിൽ രജിസ്റ്റർ ചെയ്ത കമ്പനികളുടെ ബാങ്ക് അക്കൗണ്ടുകൾ വഴിയാണെന്ന് കണ്ടെത്തിയിരുന്നു.
കഴിഞ്ഞ വർഷം ഏപ്രിൽ 22ന് മാത്യു ജോർജിന്റെ കൊച്ചിയിലെ വസതിയിലും ഓഫീസിലും ഇഡി പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ കണ്ടെത്തിയ ഡിജിറ്റൽ രേഖകൾ മൊസാക്ക് ഫൊൻസെകയുമായുള്ള ബന്ധത്തിലേക്ക് വെളിച്ചം വീശുന്നതാണ്. മാത്യു ജോർജിന്റെ പേരിൽ രജിസ്റ്റർ ചെയ്ത നാല് സ്ഥാപനങ്ങളിൽ ഒന്നിന്റെ ബാങ്ക് അക്കൗണ്ടുകൾ വഴി മൊസാക്ക് ഫൊൻസെക്കയുടെ 599 ഇടപാടുകാര്‍ക്ക് വേണ്ടി പണമടച്ചതിന്റെ തെളിവ് കണ്ടെടുത്തു.
കേസിൽ ഹാജരാകൻ ജോർജ് മാത്യുവിനും ഇഡി നോട്ടീസ് അയച്ചു. കമ്പനി വഴി കോടികളുടെ നിക്ഷേപം നടന്നുവെന്നാണ് ഇഡിയുടെ കണ്ടെത്തൽ. ജോർജിനും മക്കൾക്കും കള്ളപ്പണ നിക്ഷേപത്തിൽ പങ്കുണ്ടെന്ന് ഇഡി പറയുന്നു. ലോകത്തെ പ്രമുഖരുടെ കള്ളപ്പണ നിക്ഷേപങ്ങൾക്ക് സഹായമൊരുക്കിയ പനാമയിലെ നിയമസ്ഥാപനമാണ് മൊസാക് ഫൊൻസെക. എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റിന് പുറമേ ഫിനാൻഷ്യൽ ഇന്റലിജൻസ് യുണിറ്റ്, ആദായ നികുതി വകുപ്പ് തുടങ്ങിയവർ വിഷയത്തിൽ അന്വേഷണം നടത്തുന്നുണ്ട്.