അങ്കമാലി ആശുപത്രിയിൽ യുവതിയെ കൊലപ്പെടുത്തിയ സംഭവം; പ്രതി എത്തിയത് കൊലപ്പെടുത്താൻ തന്നെയെന്ന് എഫ്ഐആർ
അങ്കമാലി മുക്കന്നൂരിൽ ആശുപത്രിയിൽ കയറി യുവതിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ എഫ്ഐആറിന്റെ പകർപ്പ് ലഭിച്ചു. ലിജിയെ കൊലപ്പെടുത്താൻ ആയി ഇന്നലെ ആശുപത്രിയിലും വീട്ടിലുമായി മൂന്നുതവണ ചെന്നിരുന്നതായി പ്രതി മഹേഷ് പോലീസിന് മൊഴി നൽകി. 12ലേറെ മുറിവുകളാണ് ലിജിയുടെ ശരീരത്തിൽ ഉണ്ടായിരുന്നത്. ഫോണിൽ വിളിച്ച് ശല്യപ്പെടുത്തിയാൽ ബ്ലോക്ക് ചെയ്യുമെന്ന് ലിജി പറഞ്ഞതോടെയാണ് വീട്ടിൽ പോയി കത്തിയെടുത്തു കൊണ്ടുവന്ന് ലിജിയെ ആശുപത്രിയിൽ കയറി കുത്തിയതെന്ന് പ്രതി മൊഴി നൽകി.
കൊലപാതക കേസിൽ അറസ്റ്റിൽ ആയതിനുശേഷം ഏറെ വൈകിയാണ് പ്രതി പൊലീസിനോട് സഹകരിച്ച് തുടങ്ങിയത്. ലിജിയെ കൊലപ്പെടുത്തണമെന്ന് ഉദ്ദേശത്തോടുകൂടി തന്നെയാണ് വീട്ടിൽ നിന്ന് കത്തിയുമായി ആശുപത്രിയിൽ എത്തിയതെന്നും പ്രതി പൊലീസിന് മൊഴി നൽകി. ലിജിയെ കൊലപ്പെടുത്താൻ വേണ്ടി രാവിലെ വീട്ടിൽ പോയിരുന്നു .അവിടെ നിന്നാണ് ലിജി ആശുപത്രിയിൽ ഉള്ള വിവരം അറിഞ്ഞത്. ആശുപത്രിയിലെത്തി ലിജയുമായി ഫോണിൽ സംസാരിച്ചപ്പോൾ നമ്പർ ബ്ലോക്ക് ചെയ്യും എന്ന് പറഞ്ഞു. താൻ ആശുപത്രിയിൽ എത്തുമ്പോൾ ലിജി വിദേശത്തുള്ള ഭർത്താവുമായി ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടയിലാണ് ലിജിയെ ആദ്യം കുത്തിയത്. പുറത്തേക്കിറങ്ങി ലിജിയെ പിന്തുടർന്ന് മരണം ഉറപ്പാക്കുന്നത് വരെ കുത്തിയതായും പ്രതി മഹേഷ് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ലിജിയുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നതായും പ്രതിമൊഴി നൽകി.
കൊലപ്പെടുത്തണമെന്ന് ഉദ്ദേശത്തോടെയാണ് പ്രതി ആശുപത്രിയിൽ എത്തിയതെന്ന് എഫ്ഐആറിൽ പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതിക്കെതിരെ കൊലപാതകം ഉൾപ്പെടെ വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കസ്റ്റഡിയിലുള്ള പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുമെന്നും കസ്റ്റഡിയിൽ ലഭിക്കുന്നതിനുള്ള അപേക്ഷ ഇന്ന് തന്നെ സമർപ്പിക്കും എന്നും പൊലീസ് പറഞ്ഞു.