Saturday, October 19, 2024
Kerala

‘ഇത് ലോകത്തിന് മുന്നില്‍ രാജ്യത്തിന്റെ ശാസ്ത്രമികവ് തെളിയിക്കാനുള്ള അവസരം’; ചന്ദ്രയാനെക്കുറിച്ച് രാജഗോപാല്‍ കമ്മത്ത്

ലോകത്തിന് മുന്നില്‍ രാജ്യത്തിന്റെ ശാസ്ത്രമികവ് തെളിയിക്കാന്‍ ഐഎസ്ആര്‍ഒയുടെ ശാസ്ത്രദൗത്യമായ ചന്ദ്രയാന്‍ 3 വഴിയൊരുക്കുമെന്ന് ശാസ്ത്ര ലേഖകന്‍ രാജഗോപാല്‍ കമ്മത്ത്. യുഎസ്എ, റഷ്യ, ചൈന മുതലായ രാജ്യങ്ങള്‍ക്കൊക്കെ ചന്ദ്രനില്‍ സോഫ്ട് ലാന്‍ഡിംഗ് സാധ്യമായിട്ടുണ്ടെങ്കിലും ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെത്തുന്ന ഒരു സ്‌പേസ് ഏജന്‍സിയുടെ ആദ്യ ദൗത്യമായി ചന്ദ്രയാന്‍-3 മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രാജഗോപാല്‍ കമ്മത്ത് പറഞ്ഞു.

വളരെയധികം രഹസ്യങ്ങള്‍ ഒളിഞ്ഞിരിക്കുന്ന പ്രദേശമാണ് ചന്ദ്രന്റെ ദക്ഷിണ ധ്രുവമെന്ന് രാജഗോപാല്‍ കമ്മത്ത് വിശദീകരിക്കുന്നു. സൗരയൂഥത്തിന്റെ തുടക്കകാലത്തെക്കുറിച്ചുള്ള രഹസ്യങ്ങള്‍ ഉള്‍പ്പെടെ ദക്ഷിണ ധ്രുവത്തിലെ ക്രേറ്റേഴ്‌സ് ഓഫ് എറ്റേണല്‍ ഡാര്‍ക്ക്‌നെസ്സില്‍ ഒളിഞ്ഞിരിക്കുന്നതായാണ് കരുതപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണധ്രുവത്തില്‍ ഐസ് രൂപത്തില്‍ ഉറഞ്ഞുകൂടിയിരിക്കുന്ന ഫോസില്‍ ജലത്തെക്കുറിച്ച് ഉള്‍പ്പെടെ മനസിലാക്കാന്‍ ചന്ദ്രയാന്‍- 3 വഴി സാധ്യമാകുമെന്നും രാജഗോപാല്‍ കമ്മത്ത് പറഞ്ഞു.

ഭാവിയില്‍ ഗവേഷണ സ്റ്റേഷനുണ്ടാക്കാനും ഗവേഷണത്തിനും പര്യവേഷണത്തിനും ഇടത്താവളമാക്കാനും ചന്ദ്രനെ ഉപയോഗിക്കുന്നതിന് കൂടി ചന്ദ്രയാന്‍ ഉപകരിക്കുമെന്നും രാജഗോപാല്‍ കമ്മത്ത് പറഞ്ഞു. ചൊവ്വയിലേക്കുള്ള പര്യവേഷണങ്ങള്‍ക്കും ചന്ദ്രനെക്കുറിച്ചുള്ള വിവരങ്ങള്‍ ഉപകാരപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published.