ധോണിയിൽ നിന്ന് പിടികൂടിയ പിടി 7 ആനക്ക് കാഴ്ചയില്ല! പെല്ലറ്റ് തറച്ചതാവാമെന്ന് ഹൈക്കോടതി സമിതി
പാലക്കാട്: പാലക്കാട് ധോണി മേഖലയിൽ നിന്ന് വനം വകുപ്പ് മയക്കുവെടി വച്ച് പിടികൂടിയ പിടി 7 കാട്ടാനയ്ക്ക് കാഴ്ചശക്തിയില്ലെന്ന് കണ്ടെത്തൽ. ഇക്കാര്യത്തിൽ കൂടുതൽ പരിശോധന വേണ്ടി വരും. പിടികൂടുമ്പോൾ തന്നെ ആനയ്ക്ക് വലത് കണ്ണിന് കാഴ്ചശക്തിയുണ്ടായിരുന്നില്ല. പെല്ലറ്റ് തറച്ചതോ അപകടത്തിലോ ആകാം കാഴ്ച ശക്തി നഷ്ടമായതെന്നാണ് ഹൈക്കോടതി നിയോഗിച്ച സമിതിയുടെ കണ്ടെത്തൽ. ആനയ്ക്ക് മറ്റ് പ്രശ്നങ്ങളൊന്നും തന്നെയില്ല.
നാല് വർഷത്തോളം പാലക്കാട് ധോണി പ്രദേശത്തിന്റെ ഉറക്കം കെടുത്തിയ കാട്ടുകൊമ്പനായിരുന്നു പാലക്കാട് ടസ്കർ സെവൻ (പിടി 7). ധോണി എന്നാണ് ഇതിന് വനം മന്ത്രി നൽകിയ ഔദ്യോഗിക പേര്. ശ്രമകരമായ ദൗത്യത്തിലൂടെയാണ് ആനയെ വനം വകുപ്പ് പിടികൂടിയത്. 72 അംഗ ദൗത്യസംഘമായിരുന്നു ആനയെ മയക്കുവെടി വച്ചത്. മൂന്ന് കുംകിയാനകളുടെ സഹായത്തോടെ നാല് മണിക്കൂർ കൊണ്ടാണ് വനത്തിൽ നിന്ന് ധോണി ക്യാമ്പിലേക്ക് ആനയെ എത്തിച്ചത്. ചീഫ് വെറ്റിനറി സർജൻ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിൽ അമ്പത് മീറ്റർ അകലെനിന്ന് ആനയുടെ ചെവിക്ക് പിന്നിലേക്ക് മയക്കുവെടി ഉതിർക്കുകയായിരുന്നു. ധോണി, മായാപുരം, മുണ്ടൂർ മേഖലകളിൽ നാല് വർഷം നാശമുണ്ടാക്കിയ കൊമ്പനാണ് ഈ ആന. 2022 ജൂലൈ 8 എട്ടിന് പ്രഭാത സവാരിക്കാരനെ ആന ചവിട്ടിക്കൊന്നിരുന്നു. മായാപുരം സ്വദേശി ശിവരാമൻ ആണ് കൊല്ലപ്പെട്ടത്. 2022 നവംബർ മുതൽ ഇടവേളകൾ ഇല്ലാതെ വിലസുകയായിരുന്നു പിടി 7.