ഏക സിവിൽ കോഡ്; സിപിഎം പ്രഖ്യാപിച്ച സമര പരിപാടികളിൽ തന്ത്രപരമായ നിലപാടെടുത്ത് സിപിഐ
തിരുവനന്തപുരം: ഏക സിവിൽ കോഡ് വിഷയത്തിൽ ഏകപക്ഷീയമായി സിപിഎം പ്രഖ്യാപിച്ച സമര പരിപാടികളിൽ തന്ത്രപരമായ നിലപാടെടുത്ത് സിപിഐ. 15 ന് കോഴിക്കോട്ട് നടക്കുന്ന സെമിനാറിലേക്ക് ജില്ലാ നേതാക്കളെ മാത്രം അയക്കാനാണ് സിപിഐ നേതൃത്വത്തിന്റെ തീരുമാനം. മുന്നണിയിൽ കൂടിയാലോചിക്കാതെ എടുത്ത തീരുമാനത്തിലും, ലീഗിനെ സഹകരിപ്പിക്കാനുള്ള നീക്കത്തിലും കടുത്ത അതൃപ്തിയാണ് സംസ്ഥാന നേതൃത്വത്തിനുള്ളത്. പ്രതിഷേധം അറിയിക്കുന്നതിനൊപ്പം മുന്നണിയിൽ നിസഹകരിച്ചെന്ന തോന്നൽ ഉണ്ടാകാതിരിക്കാൻ കൂടി വേണ്ടിയാണ് സിപിഐ ഇടപെടൽ. ദേശീയ കൗൺസിൽ നടക്കുന്നതിനാൽ നേതാക്കൾ ദില്ലിയിലാകുമെന്ന ന്യായീകരണമാണ് നേതൃത്വം നൽകുന്നത്.
15 ന് കോഴിക്കോട് വെച്ചാണ് സിപിഎം സെമിനാർ സംഘടിപ്പിക്കുന്നത്. ഈ മാസം 14 മുതൽ മൂന്ന് ദിവസമാണ് സിപിഐയുടെ ദേശീയ കൗൺസിൽ യോഗം ദില്ലിയിൽ ചേരുന്നത്. അതേസമയം, ഏക സിവിൽ കോഡുമായി ബന്ധപ്പെട്ട് മുന്നണിയിൽ ആർക്കും അഭിപ്രായ വ്യത്യാസമില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറയുന്നത്. ലീഗിനെ ക്ഷണിച്ചതിൽ സിപിഐക്ക് അതൃപ്തി ഇല്ല. സിപിഐ നേതാക്കളും ഏക സിവിൽ കോഡിനെതിരായ സെമിനാറിന് എത്തുമെന്നും എം വി ഗോവിന്ദൻ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞു. ലീഗ് വരാത്തതിനാൽ പരാതിയില്ലെന്നും മുന്നണിയുടെ ഭാഗമായി നിൽക്കുമ്പോൾ ലീഗിന് അതേ പറ്റൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.