Friday, January 10, 2025
Kerala

ഇശ്രീധരനെ കാണാന്‍ മുഖ്യമന്ത്രി; സിൽവർ ലൈനില്‍ ഉടന്‍ കൂടിക്കാഴ്ച നടത്തും, ചര്‍ച്ചയിൽ കെ റെയില്‍ പ്രതിനിധികളും

തിരുവനന്തപുരം: സിൽവർ ലൈനിൽ ഇ ശ്രീധരന്‍റെ ബദൽ നിർദ്ദേശങ്ങൾ സജീവമായി ചർച്ച ചെയ്ത് സംസ്ഥാന സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉടൻ ഇ ശ്രീധരനുമായി കൂടിക്കാഴ്ച നടത്തും. കെ റെയിൽ പ്രതിനിധികളും ചർച്ചയിൽ പങ്കെടുക്കും എന്നാണ് സൂചന. ശ്രീധരന്റെ നിർദേശത്തിൽ കെ റെയിൽ കോർപറേഷന്റെ അഭിപ്രായം കൂടി തേടും. ഡിപിഐര്‍ മാറ്റുന്നതടക്കം പരിഗണനയിലുണ്ട്. ബിജെപി പിന്തുണച്ചതോടെ കേന്ദ്രാനുമതി കിട്ടുമെന്നാണ് സംസ്ഥാന സർക്കാറിന്‍റെ പ്രതീക്ഷ.

കേന്ദ്രം ചുവപ്പ് സിഗ്നൽ കാണിച്ചതോടെ വിസ്മൃതിയിലായ കെ റെയിൽ പുതുക്കിയ പാളത്തിലൂടെ ഓടിക്കാൻ ഒരുങ്ങുകയാണ് സർക്കാർ. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ദില്ലിയിലെ കേരളത്തിന്റെ സ്പെഷൽ ഓഫീസർ പദവി വഹിക്കുന്ന പ്രൊഫ. കെ വി തോമസ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് മെട്രോമാൻ ഇ ശ്രീധരൻ ബദൽ റിപ്പോർട്ട് സമർപ്പിച്ചത്. നിലവിലെ കെ റെയിൽ പദ്ധതി അപ്രായോഗികമെന്നാണ് റിപ്പോർട്ടില്‍ പറയുന്നത്. ഡിപിആർ തന്നെ മാറ്റണമെന്നും ഇ ശ്രീധരൻ പറയുന്നു. തുരങ്കപാതയും എലിവേറ്റഡ് പാതയുമാണ് മറ്റൊരു ബദൽ. ഇത് വഴി ചെലവ് വൻതോതിൽ കുറയും, ഭൂമി വൻതോതിൽ ഏറ്റെടുക്കേണ്ട. അതേസമയം വേഗത കൂട്ടാൻ സ്റ്റാൻഡേഡ് ഗേജ് ആക്കി തന്നെ നിലനിർത്തണമെന്നും ഇ ശ്രീധരൻ നിര്‍ദ്ദേശിച്ചു.

ഇ ശ്രീധരൻ നൽകിയ റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് പ്രൊഫ കെവി തോമസ് മുഖ്യമന്ത്രിക്ക് കൈമാറിയത്. പദ്ധതി രേഖയിൽ മാറ്റം വരുത്തിയാൽ പരിശോധിക്കാമെന്ന് നേരത്തെ റെയിൽവെ മന്ത്രിയും പറഞ്ഞിരുന്നു. കെ റെയിൽ എന്തായാലും വരുമെന്ന് എല്ലായ്പ്പോഴും ആവർത്തിക്കുന്ന സംസ്ഥാന സർക്കാർ മെട്രോമാൻറെ ശുപാർശ പ്രകാരം പദ്ധതിരേഖ പൊളിച്ചു പണിയുമോ എന്നാണ് ഉറ്റുനോക്കപ്പെടുന്നത്. ഇ ശ്രീധരന്‍റെ കേന്ദ്രത്തിലെ സ്വാധീനം അടക്കം ഉപയോഗിക്കാനാണ് സംസ്ഥാന സർക്കാരിന്‍റെ ശ്രമം.

Leave a Reply

Your email address will not be published. Required fields are marked *