ഡൽഹി-മീററ്റ് എക്സ്പ്രസ് വേയിൽ വൻ അപകടം: സ്കൂൾ ബസ് കാറുമായി കൂട്ടിയിടിച്ച് 6 പേർ മരിച്ചു
ഉത്തർപ്രദേശിലെ ഗാസിയാബാദിൽ വൻ വാഹനാപകടം. സ്കൂൾ ബസും എസ്യുവിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് കുട്ടികളടക്കം ആറ് പേർ മരിച്ചു. ഡൽഹി-മീററ്റ് എക്സ്പ്രസ് വേയിൽ ഇന്ന് രാവിലെയാണ് അപകടം. ഗാസിയാബാദ് ജില്ലയിലുണ്ടായ വാഹനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ടതിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഗാധമായ ദുഃഖം രേഖപ്പെടുത്തി.
ഡൽഹി-മീററ്റ് എക്സ്പ്രസ് വേയിൽ തെറ്റായ ദിശയിൽ വരികയായിരുന്ന ബസ് എസ്യുവിയുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കാറിലുണ്ടായിരുന്നവരാണ് അപകടത്തിൽ മരിച്ച ആറുപേരും. എട്ടുപേരിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവർ ഗുഡ്ഗാവിലേക്ക് പോവുകയായിരുന്നുവെന്നാണ് വിവരം.
‘അപകടത്തിൽ കാർ പൂർണമായി തകർന്നു. കാറിന്റെ ഡോറുകൾ വെട്ടിമുറിച്ചാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. സംഭവത്തിൽ എഫ്ഐആറിൽ രജിസ്റ്റർ ചെയ്തു. ബസിന്റെ ഡ്രൈവറെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തുവരുന്നു’ – ഗാസിയാബാദ് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ദേഹത് ശുഭം പട്ടേൽ പറഞ്ഞു.