Thursday, January 23, 2025
National

വെള്ളപ്പൊക്കം; പൂഞ്ചില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് സൈനികര്‍ മരിച്ചു

ജമ്മുകശ്മീരില്‍ രണ്ട് സൈനികര്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലാണ് സൈനികര്‍ക്ക് ജീവന്‍ നഷ്ടമായത്. പൂഞ്ച് ജില്ലയില്‍ നിന്ന് സൈനികരുടെ മൃതദേഹം കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. നായിബ് സുബേദാര്‍ കുല്‍ദീപ് സിങ്, ലാന്‍സ് നായിക് തെലു റാം എന്നിവരാണ് മരിച്ചത്. ഇരുവരും പഞ്ചാബ് സ്വദേശികളാണ്.

ഉത്തരേന്ത്യയില്‍ കനത്ത മഴ തുടരുകയാണ്. മഴക്കെടുതിയില്‍ 7 പേര്‍ മരിച്ചു. ഡല്‍ഹിയിലും കനത്ത മഴ തുടരുകയാണ്. 7 ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ലഹോള്‍ സ്പിതി ജില്ലയില്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കി. കുളുവില്‍ ദേശീയപാത മൂന്നിന്റെ ഒരു ഭാഗം ഒലിച്ചുപോയി.മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് കുളു മണാലി പാതയിലെ ഗതാഗതം തടസ്സപ്പെട്ടു. അടല്‍ തുരങ്കം വഴിയുള്ള ഗതാഗതം നിര്‍ത്തിവച്ചു.

വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ബിയാസ് നദി അപകടനിലയ്ക്ക് മുകളിലാണ് ഒഴുകുന്നത്. കനത്ത മഴ തുടര്‍ന്ന് പഞ്ചാബിലും ഹരിയാനയിലും വെള്ളക്കെട്ട് രൂക്ഷമായി. റംബാനില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ജമ്മു ശ്രീനഗര്‍ ദേശീയപാത അടച്ചു. മഴക്കെടുതിയില്‍ രാജസ്ഥാനില്‍ നാലും, ഉത്തര്‍പ്രദേശില്‍ രണ്ടും ഡല്‍ഹിയില്‍ ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹിയില്‍ മണിക്കൂറുകള്‍ തുടരുന്ന കനത്ത മഴയില്‍ നോയിഡ ഗുരുഗ്രാം അടക്കമുള്ള മേഖലകളില്‍ വെള്ളക്കെട്ട് രൂക്ഷമായി. അവധി റദ്ദാക്കി മഴക്കാല പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നിര്‍ദേശം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *