Friday, January 10, 2025
Kerala

വടക്കൻ കേരളത്തിൽ ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത; തിരുവനന്തപുരം ഒഴികെയുള്ള 13 ജില്ലകളിൽ മഴമുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം ഒഴികെയുള്ള 13 ജില്ലകളിൽ മഴമുന്നറിയിപ്പ് നൽകി. വടക്കൻ കേരളത്തിൽ ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടും ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, കൊല്ലം ജില്ലകളിൽ യല്ലോ അലർട്ടുമാണ്. നാളെയും മറ്റന്നാളും വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്കാണ് സാധ്യതയുള്ളത്.

തിരുവനന്തപുരം ജില്ലയിലെ വിതുര പൊന്മുടി റോഡിൽ മരം വീണ് ഗതാഗതം പൂർണമായും തടസപ്പെട്ടു. പൊന്മുടി ഗോൾഡൻ വാലിയ്ക്ക് സമീപമാണ് മരം വീണ് അപകടമുണ്ടായത്. വിതുര ഫയർ ഫോഴ്സ് സ്ഥലത്തെത്തി ഗതാഗതം പുനസ്ഥാപിക്കാൻ ശ്രമിക്കുകയാണ്. കൊല്ലം പന്മനയിൽ കിണർ ഇടിഞ്ഞു താണു. നടുവത്തുച്ചേരി സ്വദേശി നിസാമുദ്ദീന്റെ വീട്ടിലെ കിണറാണ് ഇടിഞ്ഞ് താണത്.

പത്തനംതിട്ട പ്ലാപ്പള്ളി ളാഹാ റൂട്ടിൽ റോഡിലേക്ക് മരം ഒടിഞ്ഞുവീണ് കെഎസ്ആർടിസി ബസ് ഉൾപ്പെടെ റോഡിൽ കുടുങ്ങി. ഫയർഫോഴ്സ് എത്തി മരം മുറിച്ചു നീക്കാനുള്ള ശ്രമം നടത്തുകയാണ്. ആലപ്പുഴ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം ഒമ്പതായി. ചെങ്ങന്നൂര്‍ താലൂക്കില്‍ രണ്ട് ക്യാമ്പുകള്‍ കൂടി തുറന്നു. നിലവില്‍ ചെങ്ങന്നൂര്‍ ആറും ചേര്‍ത്തല രണ്ടും മാവേലിക്കര ഒരു ക്യാമ്പുമാണ് പ്രവര്‍ത്തിക്കുന്നത്. 93 കുടുംബങ്ങളില്‍ നിന്നായി 130 പുരുഷന്‍മാരും 132 സ്ത്രീകളും 39 കുട്ടികളുമുള്‍പ്പെടെ 301 പേര്‍ ക്യാമ്പുകളില്‍ കഴിയുകയാണ്. തലവടി കുന്നുമാടി കുതിരച്ചാൽ പ്രദേശം ഒറ്റപ്പെട്ടു. 60 കുടുംബങ്ങളെ ബോട്ടിൽ ക്യാമ്പിലേക്ക് മാറ്റും. പമ്പയാറിന്റെ തീരത്താണ് ഈ പ്രദേശം. സ്ഥലത്ത് ഫയർഫോഴ്സ് എത്തിയിട്ടുണ്ട്.

ഇടുക്കിയിൽ ഹൈറേഞ്ച് മേഖലയിൽ പലയിടങ്ങളിലും ശക്തമായ മഴ തുടരുകയാണ്. എറണാകുളത്തെ കണ്ണമാലിയിൽ കടൽക്ഷോഭത്തിന് താൽക്കാലിക പരിഹാരം ഉടനെന്ന് ജില്ലാ കളക്ടർ NSK ഉമേഷ് അറിയിച്ചു. ജിയോ ബാഗുകൾ തീരത്ത് പെട്ടന്ന് തന്നെ സ്ഥാപിക്കും. കൊച്ചിയിലെ തീരത്ത് മുഴുവൻ കടൽ ഭിത്തി നിർമ്മാണവും പദ്ധതിയിലുണ്ട്. കൊച്ചി നഗരത്തിൽ കാര്യമായ വെള്ളക്കെട്ടുണ്ടായിട്ടില്ല. പ്രതിഷേധങ്ങൾ സ്വാഭാവികമാണെന്നും കണ്ണമാലിക്കാരോട് സംസാരിക്കാൻ സബ് കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി. ശക്തമായ മഴയെ തുടർന്ന് നെല്ലിക്കുഴിയിൽ കിണറിൻ്റെ സംരക്ഷണ ഭിത്തി ഉൾപ്പെടെ ഇടിഞ്ഞു താഴ്ന്നു. കിണറിന്റെ മതിൽക്കെട്ടും ഒരു മോട്ടറും അടക്കം കിണറ്റിലേക്ക് പതിച്ചു. ആറോളം വീട്ടുകാർ കുടിവെള്ളത്തിനായി ഉപയോഗിച്ചിരുന്ന കിണറാണ് തകർന്നത്.

ശക്തമായ മഴയെതുടർന്ന് കണ്ണൂർ അഴീക്കോട്‌ മണ്ഡലത്തിൽ 3 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നത്. 125 പേരെ മാറ്റി പാർപ്പിച്ചതായും 50 ഓളം പേർ ബന്ധു വീടുകളിലേക്ക് മാറിയതായും കെ വി സുമേഷ് എം എൽ എ അറിയിച്ചു. ചെറുപുഴ പുളിങ്ങോം ഉദയംകാണാക്കുണ്ടിൽ ഉരുൾപൊട്ടലുണ്ടായി. കാര്യമായ നാശനഷ്ടങ്ങളില്ലെന്നാണ് ലഭ്യമാകുന്ന വിവരം. ചാലാട് മണൽ കിസാൻ റോഡ് പൂർണമായും വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. നിരവധി വീടുകളിൽ വെള്ളം കയറിയതോടെ അതിവേ​ഗത്തിൽ ആളുകളെ ഒഴിപ്പിക്കുകയാണ്. കണ്ണൂർ കാപ്പിമലയിൽ ഉരുൾ പൊട്ടലുണ്ടായി. വൈതൽ കുണ്ട് വെള്ളച്ചാട്ടത്തിന് സമീപമാണ് ഉരുൾ പൊട്ടിയത്. ബിനോയ്‌ എന്ന ആളുടെ പറമ്പിലാണ് ഉരുൾ പൊട്ടൽ ഉണ്ടായത്.

മലപ്പുറം വളാഞ്ചേരി മമ്മുക്കുട്ടികുളത്ത് ചുറ്റുമതിൽ സമീപത്തെ വീടിന് മുകളിലേക്ക് അടർന്നു വീണ് അപകടമുണ്ടായി. കണ്ണങ്കോളി ഹാജിറയുടെ വീടിന് മുകളിലേക്കാണ് ചുറ്റുമതിൽ തകർന്നു വീണത്. വീടിന്റെ അടുക്കള പൂർണ്ണമായും തകർന്നു. ആളപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. കൊണ്ടോട്ടിയിൽ വീടിന് മുകളിലേക്ക് മരം വീണ് അപകടമുണ്ടായി. ചിറയിൽ ചുങ്കം കോട്ടാശ്ശെരി കോളനിയിലെ അമാരൻ പ്രതീപിന്റെ വീടിന് മുകളിലേക്ക് ആണ് മരം വീണത്.

കോഴിക്കോട് നാദാപുരം അരയാക്കൂലിൽ 25 ഓളം വീടുകളിൽ വെള്ളം കയറി. ആളുകളെ ദുരിതാശ്വാസ കേന്ദ്രത്തിലേക്കും ബന്ധുവീടുകളിലേക്കും മാറ്റുന്ന പ്രവർത്തനമാണ് നാദാപുരത്ത് പുരോ​ഗമിക്കുന്നത്. കോടഞ്ചേരിയില്‍ 18 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്കു മാറ്റി. വെണ്ടേക്കുംപൊയില്‍ ആദിവാസി കോളനിയിൽ മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്താണ് ആളുകളെ മാറ്റി പാര്‍പ്പിച്ചത്. ചെമ്പുകടവ് ഗവണ്‍മെന്റ് യു പി സ്‌കൂളിലാണ് ക്യാമ്പ് ആരംഭിച്ചത്. 23 കുട്ടികള്‍ ഉള്‍പ്പെടെ 68 പേരാണ് ക്യാമ്പിലുള്ളത്. വെള്ളിമാടുകുന്നിൽ വൈദ്യുതി ലൈനിന് മുകളിലേക്ക് മരം വീണ് അപകടമുണ്ടായി. എൻജിഒ ക്വാട്ടേഴ്സ് – വളാകുളം റോഡിൽ ഗതാഗത തടസ്സം കെഎസ്ഇബി ഉദ്യോഗസ്ഥരും ഫയർഫോഴ്സ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിഹരിക്കാൻ ശ്രമിക്കുകയാണ്.

കോഴിക്കോട് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജലാശയങ്ങളിൽ വെള്ളം ഉയരാൻ സാധ്യതയുള്ളതിനാൽ പൂനൂർ പുഴയുടെ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കൊയിലാണ്ടി മൂടാടി വീമംഗലം സ്കൂളിന് സമീപം മരത്തിന്റെ ശിഖരം പൊട്ടി വീണതോടെ ഹൈവേയിൽ ഏറെ നേരം ഗതാഗതം സ്തംഭിച്ചു. കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തിയാണ് മരക്കൊമ്പ് മുറിച്ചുമാറ്റിയത്.

കാസർഗോട്ടെ മൊഗ്രാൽ, ഷിറിയ, മധുവാഹിനി പുഴകൾ കരകവിഞ്ഞ് ഒഴുകുകയാണ്. പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കാസർഗോഡ് മംഗൽപ്പാടി – മീഞ്ച പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മടന്തൂർ – ദേരമ്പള നടപ്പാലവും തകർന്നു. മരം ഒഴുകി വന്ന് തൂണിലടിച്ചാണ് പാലം തകർന്നത്. കാസർഗോഡ് അംഗടിമൊഗർ പുത്തിഗെ റോഡിൽ മണ്ണിടിച്ചിലുണ്ടായി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ മണ്ണ് മാറ്റിയ ശേഷമാണ് വാഹനങ്ങൾക്ക് പോവാനായത്. ചോയംകോട് പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷമായി തുടരുകയാണ്.
വീടുകളിലും കൃഷിയിടങ്ങളിലുമാകെ വെള്ളം കയറിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *