Thursday, April 17, 2025
Kerala

മാപ്പ് പറഞ്ഞാൽ മതിയായിരുന്നു, കേസുമായി മുന്നോട്ട് പോകാൻ താല്പര്യമില്ല; തല കൂട്ടി മുട്ടിച്ച സംഭവത്തിൽ പ്രതികരിച്ച് യുവതി

പാലക്കാട് പല്ലശ്ശനയിൽ തല കൂട്ടി മുട്ടിച്ച സംഭവത്തിൽ പ്രതികരിച്ച് വധൂവരന്മാർ. മാപ്പ് പറഞ്ഞാൽ മതിയായിരുന്നു പക്ഷേ ആരും വന്നില്ല. എല്ലാവരും പറയുന്നത് കേട്ടാണ് ആചാരമെന്ന് പറഞ്ഞത്. തെക്കുംപുറം എന്ന പേര് അറിയാത്തതിനാലാണ് പല്ലശ്ശേന എന്ന് പറഞ്ഞത്. പ്രദേശത്ത് തുടർന്ന് വരുന്ന രീതിയാണിതെന്നാണ് കേട്ടത്. വേദനിച്ചത് കൊണ്ടാണ് പ്രതികരിച്ചതെന്നും കേസുമായി മുന്നോട്ട് പോവാൻ താല്പര്യമില്ലെന്നും വധു സജ്ല പറഞ്ഞു.

സംഭവത്തിൽ പ്രതി സുഭാഷിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. ദേഹോപദ്രവമേൽപ്പിച്ചതിനും സ്ത്രീത്വത്തെ അപമാനിച്ചതിനുമാണ് ഇയാൾക്കെതിരെ പൊലീസ് കേസെടുത്തത്. വധൂവരൻമാരുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് നടപടി. ആചാരമെന്ന പേരിൽ കാട്ടിക്കൂട്ടിയ അതിക്രമം സാമൂഹ്യമാധ്യമങ്ങളിലുൾപ്പെടെ വൻ വിമർശനത്തിന് വഴിവച്ചിരുന്നു. ഒടുവിൽ വനിതാകമ്മീഷൻ ഇടപെടലിലാണ് പൊലീസ് കേസെടുത്തത്.

കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു പല്ലശ്ശന സ്വദേശി സച്ചിനും ഭാര്യ മുക്കം സ്വദേശി സജ്ലയും വിവാഹിതരായത്. വിവാഹ ദിനം ഗൃഹപ്രവേശന ചടങ്ങിനിടെയാണ് ബന്ധുവിന്‍റെ വക ആചാരമെന്ന പേരിൽ തലയ്ക്ക് ഇടികിട്ടിയത്. ഇടികിട്ടിയ വേദനയിൽ കരഞ്ഞുകൊണ്ട് വീട്ടിലേക്ക് കയറുന്ന സജ്ലയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സംഭവത്തിൽ രൂക്ഷമായ വിമർശനം പല കോണുകളിൽ നിന്നുമുണ്ടായി.

അപ്രതീക്ഷിതമായ ആക്രമണത്തിൽ വേദന കൊണ്ട് പകച്ചുപോയെന്നും അല്ലെങ്കിൽ താൻ തന്നെ കൃത്യം ചെയ്തയാൾക്ക് മറുപടി കൊടുത്തേനെയെന്നും സജ്‌ല പ്രതികരിച്ചിരുന്നു. ഏറെ വിവാദമായതോടെയാണ് വനിതാ കമ്മീഷൻ ഇടപെട്ടതും നടപടിയെടുത്തതും.

Leave a Reply

Your email address will not be published. Required fields are marked *