Friday, January 24, 2025
National

ചന്ദ്രശേഖർ ആസാദ് വധശ്രമ കേസ്: നാല് പേർ അറസ്റ്റിൽ, മൂന്ന് പേർ യുപി സ്വദേശികൾ

ദില്ലി : ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനു നേരെയുണ്ടായ വധശ്രമത്തിൽ നാലുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഹരിയാനയിലെ അംബാലയിൽനിന്നാണ് പ്രതികൾ പിടിയിലായത്. ഇവരിൽ മൂന്നുപേർ ഉത്തർപ്രദേശിലെ സഹാറൻപൂരിൽനിന്നുള്ളവരാണ്. മറ്റൊരാൾ ഹരിയാനയിലെ കർണാൽ സ്വദേശിയാണ്. ഇവർ സഞ്ചരിച്ച വാഹനമടക്കം കഴിഞ്ഞദിവസം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യംചെയ്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് യുപി പൊലീസ് അറിയിച്ചു. എന്നാൽ ഇവരിൽനിന്ന് തോക്ക് പിടിച്ചെടുത്തിട്ടില്ല.

ഉത്തര്‍പ്രദേശിലെ സഹാറന്‍പൂരില്‍ കാറില്‍ സഞ്ചരിക്കവേയാണ് ചന്ദ്രശേഖര്‍ ആസാദിന് വെടിയേറ്റത്. തലനാരിഴയ്ക്കാണ് ആസാദ് രക്ഷപ്പെട്ടത്. ഇളയസഹോദരനുൾപ്പെടെ അഞ്ച് പേർക്ക് ഒപ്പം കാറിൽ സഹാറൻപൂരിലേക്ക് പോകുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ഹരിയാന രജിസ്ട്രേഷൻ കാറിൽ എത്തിയ സംഘമാണ് വെടിയുതിര്‍ത്തതെന്ന് പൊലീസ് ഉടൻ കണ്ടെത്തിയിരുന്നു. രണ്ട് വെടിയുണ്ടകൾ കാറിൽ തുളഞ്ഞ് കയറി. ഒരു വെടിയുണ്ട കാറിന്‍റെ ചില്ലുകള്‍ തകര്‍ന്നു. മറ്റൊരു വെടിയുണ്ട സീറ്റിലും തുളഞ്ഞുകയറി. ആസാദിന്റെ ഇടുപ്പിലാണ് വെടിയേറ്റത്. ചികിത്സക്ക് ശേഷം അദ്ദേഹം വീട്ടിൽ വിശ്രമത്തിലാണ്.

­

Leave a Reply

Your email address will not be published. Required fields are marked *